തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബര്‍ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഈ വർഷത്തെ തിരുവോണം ബമ്പർ BR 105 നാളെയായിരുന്നു നറുക്കെടുപ്പ് നടത്താനിരുന്നത്. ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവെച്ചതെന്നാണ് വിശദീകരണം.
തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുക. 500 രൂപയാണ് ഒരു ബമ്പർ ടിക്കറ്റിന്റെ വില. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരുകോടി വീതം ഇരുപത് പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.
എല്ലാ വർഷത്തെയും പോലും ഇത്തവണയും മികച്ച വിൽപ്പനയാണ് തിരുവോണം ബമ്പറിന് ലഭിക്കുന്നത്. ഇത്തവണ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പ് ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാടാണ്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷം 71.40 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ഞിരുന്നത്.
SUMMARY: Thiruvonam bumper draw postponed to October 4