
ബെംഗളൂരു: ഹുബ്ബള്ളിയിൽ സർക്കാർ പരിപാടിക്കായി സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ തകർന്നു വീണ് മൂന്നുപേർക്ക് പരുക്കേറ്റു. ഹുബ്ബള്ളിയിലെ മന്തൂർ റോഡിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഉദ്ഘാടനത്തിനായി സ്ഥാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഭവനമന്ത്രി സമീർ അഹമ്മദിന്റെയും കട്ടൗട്ടുകളാണ് ശക്തമായ കാറ്റിൽ മറിഞ്ഞുവീണത്. മഞ്ജുനാഥ്, ശാന്ത, ശങ്കർ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മന്ത്രിമാർ എന്നിവർ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അപകടം സംഭവിച്ചത് . ശക്തമായ കാറ്റാണ് കൂറ്റൻ കട്ട് ഔട്ടുകൾ തകർന്നുവീഴാൻ കാരണമെന്ന് റിപ്പോർട്ടുണ്ട്.
പോലീസ് കമ്മീഷണർ എൻ. ശശികുമാർ, ഭവന മന്ത്രി സമീർ അഹമ്മദ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പരുക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്.
SUMMARY: Three injured as cutout collapses before CM’s event in Hubballi














