പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും, ഇത് ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പമ്പയില്‍ വസ്ത്രങ്ങള്‍ കെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം സ്‌പെഷ്യല്‍ കമ്മീഷണർ റിപ്പോർട്ട് നല്‍കിയതിനെ തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ ഈ ഇടപെടല്‍. പമ്പയില്‍ ബോധവല്‍ക്കരണ ദൃശ്യങ്ങള്‍ പ്രദർശിപ്പിക്കാനും കോടതി നിർദേശിച്ചു. ശബരിമലയിലെ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിലും ഹൈക്കോടതി കർശന നിർദേശങ്ങള്‍ നല്‍കി.
വെർച്വല്‍ ക്യൂ ബുക്കിങ് രേഖകള്‍ കൃത്യമല്ലെങ്കില്‍ ഭക്തരെ പമ്പയില്‍ നിന്നും കടത്തിവിടരുത്. വെർച്വല്‍ ക്യൂ പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുകളുമായി വരുന്നവരെ യാതൊരു കാരണവശാലും കടത്തിവിടരുത് എന്നും കോടതി നിർദേശിച്ചു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങള്‍ അനുവദിക്കാനാകില്ലെന്നും, തിരക്കില്‍പ്പെട്ട് ഭക്തർക്ക് അപകടമുണ്ടായാല്‍ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ദേവസ്വം ബോർഡിനും പോലീസിനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
SUMMARY: Throwing clothes in Pamba is not a custom: High Court













