കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്ത് ദക്ഷിണ റെയിൽവേ. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനുശേഷം വിദ്യാർഥികൾ ട്രെയിനിൽ യാത്രചെയ്യവേയാണ് ഗണഗീതം പാടിയത്. ദേശഭക്തിഗാനമെന്ന നിലയിലാണ് എക്സ് പോസ്റ്റിൽ ഗണഗീതത്തെ റെയിൽവേ വിശേഷിപ്പിച്ചിരിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഗണഗീതം പാടിയത്. വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടനല്‍കിയത്. പിന്നാലെ വീഡിയോ പിന്‍വലിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് റെയിൽവേ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു
കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെയാണ് പ്രധാനമന്തി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം-ബെംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ എട്ടിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരം 5.50ന് ബെംഗളൂരുവിൽ എത്തിച്ചേരും.
SUMMARY: Vande Bharat flag-off ceremony; Railways removes video after controversy













