ബെംഗളൂരു: മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിനെതിരെയാണ് അപ്പീല്‍. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് ഡിവിഷന്‍ ബെഞ്ചിനെയാണ് സമീപിച്ചിരിക്കുന്നത്.
അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും കോടതി പരിഗണിക്കും. വീണ വിജയന്‍ ഡയറക്ടറായ എക്‌സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരായാണ് എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നത്.
നേരത്തെ, കമ്പനിയുടെ കാര്യങ്ങളില്‍ എസ്എഫ്ഐഒ അന്വേഷണം നടത്തണമെന്ന കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെയാണ് എക്‌സലോജിക് ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് 2024 ഫെബ്രുവരി 16-ന് സിംഗിള്‍ ബെഞ്ച് ഈ ഹര്‍ജി തള്ളുകയായിരുന്നു.
2017 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ നിന്ന് വീണയുടെ കമ്പനി യാതൊരു സേവനവും നല്‍കാതെ 1.72 കോടി രൂപ കൈപ്പറ്റിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നണ് എക്‌സലോജിക് സൊല്യൂഷന്‍സിനെതിരെ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത്.
SUMMARY: Veena Vijayan files appeal in High Court against SFIO investigation