ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി വീണ്ടും വോട്ട് മോഷണം ആരോപിച്ച് രംഗത്ത്. കര്‍ണാടകയിലെ ആലന്ദ് എന്ന മണ്ഡലത്തില്‍ 6,018 വോട്ടുകള്‍ ഇല്ലാതാക്കാന്‍ ആരോ ശ്രമിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
‘2023 ലെ തിരഞ്ഞെടുപ്പില്‍ ആലന്ദില്‍ എത്ര വോട്ടുകള്‍ ഇല്ലാതാക്കി എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇവിടെ 6,018 പേരുടെ വോട്ടുകള്‍ ആരോ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആലന്ദില്‍ ഇല്ലാതാക്കിയ ആകെ വോട്ടുകള്‍ ഞങ്ങള്‍ക്കറിയില്ല. അത് ചിലപ്പോള്‍ 6,018 നേക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ അത് ചെയ്തയാള്‍ പിടിക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി വിജയിക്കുന്ന ബൂത്തുകളെ ലക്ഷ്യം വെച്ചാണ് ഈ ഇല്ലാതാക്കല്‍ ശ്രമം നടന്നത്. ഗോദാബായി എന്ന സ്ത്രിയുടെ പേരില്‍ വ്യാജ വിവരങ്ങള്‍ സൃഷ്ടിച്ച് 12 വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗോദാബായി ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും എംപി ആരോപിച്ചു. വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ കര്‍ണാടകയില്‍ നിന്നുള്ളതല്ല.
മറ്റ് സംസ്ഥാനങ്ങളിലേതാണെന്ന് പറഞ്ഞ രാഹുല്‍ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിച്ചു. വോട്ട് കൊള്ള നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ണാടക സിഐഡി കത്ത് നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇപ്പോള്‍ നടത്തുന്ന വാര്‍ത്താ സമ്മേളനം ഹൈഡ്രജന്‍ ബോംബ് അല്ലെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ വെളിപ്പെടുത്തല്‍ ആരംഭിച്ചത്. അത് വരാനിരിക്കുന്നതേ ഉള്ളൂവെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തെ യുവാക്കള്‍ക്ക് തിരഞ്ഞെടുപ്പുകള്‍ എങ്ങനെയാണ് അട്ടിമറിക്കുന്നതെന്ന് കാണിച്ചുകൊടുക്കാനുള്ള നാഴികകല്ലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
SUMMARY: Attempted to delete 6,018 votes in Aland constituency in Karnataka: Rahul Gandhi


                                    











