ആലപ്പുഴ: വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് ഇനി ജനഹൃദയങ്ങളില്‍. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാടില്‍ വി.എസിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലാണ് വിഎസിനും അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. രാത്രി 9.16 ഓടെ മകന്‍ വി എ അരുണ്‍കുമാര്‍ ചിതക്കു തീകൊളുത്തി. സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. .
ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാന നഗരിയില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറെടുത്താണ് ജന്മനാടായ ആലപ്പുഴയിലെത്തിയത്. ജനാരവങ്ങള്‍ക്കിടയിലൂടെ തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് ബുധന്‍ രാവിലെ 7.30 കഴിഞ്ഞപ്പോഴാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്. വഴിയിലുടനീളം പരന്നൊഴുകിയ ആള്‍ക്കടലിലൂടെയായിരുന്നു വി എസിന്റെ അന്ത്യയാത്ര. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മാത്രമല്ല, അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും വിലാപയാത്രയില്‍ സംബന്ധിക്കാനെത്തി. സ്ത്രീകളും കുട്ടികളും യുവാക്കളും വയോധികരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. കണ്ണേ കരളേ വി എസേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, ഇല്ല നിങ്ങള്‍ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്നു തുടങ്ങിയുള്ള മുദ്രാവാക്യങ്ങള്‍ വിലാപ യാത്രയിലുടനീളം മുഴങ്ങി. തൊണ്ട പൊട്ടുമാറുച്ചത്തിലാണ് വി എസിനെ അവസാനമായി കാണാനെത്തിയവര്‍ ഹൃദയസ്പര്‍ശിയായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. സാധാരണക്കാരനും പതിതനും അശരണര്‍ക്കും പരിസ്ഥിതിക്കുമെല്ലാം വേണ്ടി വി എസ് നടത്തിയ വിട്ടുവീഴ്ചയില്ലാത്തതും ധീരവുമായ പോരാട്ടങ്ങള്‍ക്കുള്ള വലിയ അംഗീകാരമായിരുന്നു വിദൂരങ്ങളില്‍ നിന്നുപോലും തിരയടിച്ചെത്തിയ ജനസമുദ്രം.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച ഭൗതികദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനു ശേഷം അവിടെ നിന്ന് വലിയ ചുടുകാട്ടില്‍ എത്തിക്കുകയായിരുന്നു. 1957ല്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വി എസിന് പതിച്ചു കിട്ടിയ ഭൂമിയാണ് വലിയ ചുടുകാട്ടിലേത്.
അന്ത്യയാത്രക്ക് സാക്ഷിയാകാന്‍ ഭാര്യ വസുമതതിയും മക്കള്‍ അരുണ്‍കുമാര്‍ ഡോ. ആശയും എത്തിയിരുന്നു. മുതിര്‍ന്ന സി പി എം നേതാക്കളെല്ലാം ചിതക്കു സമീപം ഉണ്ടായിരുന്നു. ചിതയില്‍ കിടത്തിയ ശേഷം ചെങ്കൊടി പുതച്ച നേതാവിന് പോലീസ് ഔദ്യോഗിക ബഹുമതി അര്‍പ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി, മുതര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാനത്തിന്റെ മന്ത്രിമാര്‍ തുടങ്ങി നിരവധിപേര്‍ അന്ത്യയാത്രക്ക് സാക്ഷികളായി.
SUMMARY: VS Achuthanandans body cremated in Punnapra