വയനാട്: വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. മണ്ഡലം പ്രസിഡന്റുമാർക്കും നിയോജകമണ്ഡലം പ്രസിഡന്റുമാർക്കും സസ്പെൻഷൻ. സംഘടനാ രംഗത്ത് നിർജീവം എന്ന് ആരോപിച്ചാണ് നടപടി. രണ്ട് മണ്ഡലം പ്രസിഡണ്ടുമാരെയും 14 നിയോജകമണ്ഡലം ഭാരവാഹികളെയും സസ്പെൻഡ് ചെയ്തതായി സംസ്ഥാന നേതൃത്വം അറിയിച്ചു. ‘സത്യസേവ സംഘർഷം’ പരിപാടിയിൽ പങ്കെടുക്കാത്തവരും സംഘടനയിൽ സജീവമല്ലാത്തവരുമാണ് സസ്പെൻഷൻ നേരിട്ടതെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.
അഞ്ചുകുന്നു മണ്ഡലം പ്രസിഡന്റായിട്ടുള്ള സുഹൈബ് പികെ തൃശ്ശിലേരി മണ്ഡലം പ്രസിഡന്റായിട്ടുള്ള ഹുസൈൻ ബാവലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഉപ ഭാരവാഹികളായ മുഹമ്മദ് ഉനൈസ്, നിജിൻ ജെയിംസ്, അനീഷ് തലപ്പുഴ, അജ്മൽ, അജൽ ജെയിംസ്, ജോഫ്രി വിൻസെന്റ്, അഖിൽ ജോസ്, ആൽവിൻ, റാഫി, രാജേഷ്, ജിതിൻ എബ്രഹാം, രോഹിണി, രാഹുൽ ഒലിപ്പാറ എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സജീവമല്ലാത്ത ഭാരവാഹികളെ നടപടിയെടുക്കുന്നു എന്നുള്ളത് കാണിച്ചാണ് ഇപ്പോൾ വാർത്താ കുറിപ്പ് പുറത്തുവന്നിട്ടുള്ളത്.
ഇവരെ കൂടാതെ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമർശിച്ച റോബിൻ ഇലവുങ്കലിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളും സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു വാക്കേറ്റം. അതിനൊക്കെ പിന്നാലെയാണ് കൂട്ട നടപടി.
SUMMARY: Wayanad Youth Congress; 2 constituency presidents and 14 office bearers suspended