തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി. കുറ്റൂർ ചാമക്കാട് പുതുകുളങ്ങരയില്‍ പി.എസ്. ശരത്തിന് (31) ആണു വിയ്യൂർ സ്റ്റേഷനിലെ പോലീസ് സംഘത്തിന്റെ മർദനമേറ്റത്. ശരത്തിന്റെ ദേഹമാസകലം ക്രൂരമായി മർദനത്തിന്റെ പാടുകളുണ്ട്.
നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ അടിപിടിയുടെ പേരില്‍ ശരത് എന്നു പേരുള്ളയാളെ പോലീസ് തിരയുന്നുണ്ടായിരുന്നു. കാപ്പാ കേസിലടക്കം പ്രതിയായ പി.എസ്. ശരത്ത് ആണ് ഈ അടിപിടിക്കേസിലും പ്രതിയെന്നു തെറ്റിദ്ധരിച്ചാണു മർദനം നടന്നതെന്നു പറയുന്നു. ശരത്തിന്റെ സഹോദരൻ രാജീവിന്റെ വീട്ടിലെത്തിയാണു പോലീസ് മർദിച്ചതെന്നുകാട്ടി ബന്ധുക്കള്‍ കമ്മിഷണർക്ക് അടക്കം പരാതി നല്‍കി.
ഉത്സവത്തിനിടയില്‍ അടിപിടിയുണ്ടാക്കിയവരുടെ കൂട്ടത്തില്‍ ശരത് എന്നു പേരുള്ള മറ്റൊരാള്‍ ഉണ്ടായിരുന്നു. ആ ശരത്താണെന്നു തെറ്റിദ്ധരിച്ചാണു പോലീസ് തിരഞ്ഞ് എത്തിയതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാത്രി 10.30നു വീട്ടിലേക്കു കയറിവന്ന പോലീസുകാർ ശരത്തിനെ തലങ്ങും വിലങ്ങും മർദിച്ചെന്നും ലാത്തി കൊണ്ടു പുറത്തും വയറ്റിലും അടിച്ചെന്നും പരാതിയില്‍ പറയുന്നു. മർദിച്ചശേഷം ഉന്തിത്തള്ളി ജീപ്പില്‍ കയറ്റിയപ്പോള്‍ തലയിടിച്ചും പരുക്കേറ്റു.
SUMMARY: Youth complains of being beaten up by police














