ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു എന്നും കാർത്തിക് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല സംസാരിച്ചതെന്നും എന്‍റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അവർക്ക് വേദനിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും ക്ഷമാപണ വിഡിയോയിലൂടെ കാർത്തിക് പറഞ്ഞു.
‘അദേഴ്‌സ്’ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായ പ്രസ് മീറ്റിനിടെ നടി ഗൗരി കിഷന് ബോഡി ഷെയിമിങ് പരാമരർശം നേരിടേണ്ടി വന്നത്. നടിയെ ശാരീരികമായി അപമാനിക്കുകയും അവരുടെ അന്തസ്സിനെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ചോദ്യമാണ് കാർത്തിക്കിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെതിരെ ഗൗരി കിഷൻ ശക്തമായി പ്രതികരിച്ചു.
നടിയുടെ ഭാരം എത്രയാണെന്ന സംവിധായകനോട് യൂട്യൂബർ ചോദിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഗൗരി കാർത്തികിന് ചുട്ടമറുപടിയും നൽകിയിരുന്നു. എന്നാല്‍ നടി പ്രതികരിച്ചിട്ടും യൂട്യൂബർക്ക് ചോദ്യത്തിലെ പ്രശ്നം മനസിലായിരുന്നില്ല. സാധാരണ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് താനും ചോദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു വാദം. 32 വർഷമായി താൻ മാധ്യമപ്രവർത്തകമാണെന്നും തമിഴ് ജനതക്ക് എന്താണ് വേണ്ടതെന്ന് തനിക്കറിയാമെന്നും അയാൾ പ്രസ് മീറ്റിൽ പറഞ്ഞു. ഗൗരി മാപ്പ് പറയണമെന്നും പ്രസ് മീറ്റിനിടെ യൂട്യൂബർ ആവശ്യപ്പെട്ടു. നിങ്ങളാണ് മാപ്പ് പറയേണ്ടത് എന്നായിരുന്നു ഗൗരിയുടെ മറുപടി.
ഇതിനുപിന്നാലെ സിനിമാലോകത്ത് നിന്നും സോഷ്യൽ മീഡിയയിൽ നിന്നും താരത്തിന് വലിയ രീതിയിലുളള പിന്തുണയാണ് ലഭിക്കുന്നത്. ഗൗരി കിഷനെ പിന്തുണച്ച്കൊണ്ട് മലയാളം തമിഴ് സിനിമാ രംഗത്ത് നിന്ന് നിരവധി താരങ്ങളാണ് രംഗത്ത് എത്തിയത്. നടിയെ പിന്തുണച്ച് താരസംഘടനയായ ‘അമ്മ’യും ചലച്ചിത്രമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും എത്തിയിരുന്നു.
ഇതിനിടയിലാണ് കാർത്തിക് ക്ഷമ ചോദിച്ചുളള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ മാപ്പ് പറയില്ലെന്നായിരുന്നു യൂട്യൂബറുടെ നിലപാട്. എന്നാല്‍ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് കാർത്തിക് ക്ഷമ ചോദിച്ചിരിക്കുന്നത്.
SUMMARY: YouTuber Karthik apologizes to Gauri Kishan












