തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. ഇരുവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്ന് പറഞ്ഞ മാതാപിതാക്കള്‍ ആശുപത്രിയില്‍ നിന്നുള്ള അനാസ്ഥയാണ് തങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും സൗകര്യങ്ങളില്ലാത്ത പ്രൈവറ്റ് ആംബുലൻസിലാണ് മകളെ ആശുപത്രിയില്‍ എത്തിച്ചതെന്നും അമ്മുവിൻ്റെ പിതാവ് പറഞ്ഞു.
അന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരും എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. സെന്റർ ഫോർ പ്രൊഫഷനല്‍ & അഡ്വാൻസ്ഡ് സ്റ്റഡീസ് (സി പാസ്) അന്വേഷണ കമ്മീഷനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചുവെന്നും കുടുംബം പറഞ്ഞു.
കൂടുതല്‍ വിദ്യാർത്ഥികളുടെ മൊഴിയെടുക്കുമെന്ന് ഉറപ്പുനല്‍കിയെന്നും അതിനുശേഷം മാത്രമേ ഇനി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നല്‍കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചെന്നും കുടുംബം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അമ്മു സജീവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പ് ചേർത്തത്. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇത് സംബന്ധിച്ച് പോലീസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർഥിനികളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി.
ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടുകരെ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.
TAGS : LATEST NEWS
SUMMARY : Ammu Sajeev’s family visited the Chief Minister