ബെംഗളൂരു: സീറോ ഷാഡോ ഡേയ്ക്ക് സാക്ഷ്യം വഹിച്ച് ബെംഗളൂരു നഗരം. ഉച്ചയ്ക്ക് 12.17 ഓടെയാണ് സീറോ ഷാഡോ എന്ന അപൂര്‍വ്വ ആകാശ പ്രതിഭാസത്തിനു നഗരം സാക്ഷ്യം വഹിച്ചത്. സൂര്യന്‍ നേരിട്ട് തലയക്ക് മുകളില്‍ വരുന്നതോടെ നിഴല്‍ റഫറന്‍സ് വസ്തുവില്‍ തന്നെ പതിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. സുര്യന്‍ തലയ്ക്ക് മുകളിലായിരിക്കുന്നതോടെ ലംബമായ റഫറന്‍സ് വസ്തുവിന് നിഴല്‍ ഉണ്ടായിരിക്കില്ലെന്ന് അസോസിയേഷന്‍ ഓഫ് ബെംഗളൂരു അമച്വര്‍ അസ്ട്രോനോട്സ് അഭിപ്രായപ്പെട്ടു.
ഭൂമധ്യരേഖയ്ക്ക് സമീപം വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ആകാശ പ്രതിഭാസമാണിത്. മറ്റ് ദിവസങ്ങളില്‍ സൂര്യന്‍ വടക്ക് ഭാഗത്തേക്കോ തെക്ക് ഭാഗത്തെക്കോ ചെറുതായി സഞ്ചരിക്കുന്നു. സീറോ ഷാഡോ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് സെമിനാർ സംഘടിപ്പിക്കുകയും ലംബമായ വസ്തുക്കളുടെ മാറികൊണ്ടിരിക്കുന്ന നിഴലിന്റെ നീളം അളക്കുകയും ചെയ്തു.
ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, അടുത്ത തവണ ഈ പ്രതിഭാസം ഓഗസ്റ്റ് 18ന് ബെംഗളൂരുവിൽ കാണപ്പെടും. ബെംഗളൂരുവിൽ വര്‍ഷത്തില്‍ രണ്ട് തവണ ഈ പ്രതിഭാസം കാണപ്പെടാറുണ്ട്. സാധാരണയായി ഏപ്രില്‍ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സീറോ ഷാഡോ ഡേ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്.