ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ'(#BBLF) ഡിജിറ്റൽ മാധ്യമ പങ്കാളിയായി (Digital Media Partner) ‘ന്യൂസ് ബെംഗളൂരു ഡോട്ട് കോമും’ (newsbengaluru.com). ദേശീയതലത്തിലുള്ള പ്രമുഖ മാധ്യമങ്ങൾക്കൊപ്പമാണ് ബെംഗളൂരു മലയാളികളുടെ പ്രിയപ്പെട്ട വാർത്താ പോർട്ടലായ ‘ന്യൂസ് ബെംഗളൂരു ഡോട്ട് കോമും’ സാഹിത്യോത്സവത്തിന്റെ ഔദ്യോഗിക മാധ്യമ പങ്കാളികളുടെ നിരയിൽ ഇടംപിടിച്ചിരിക്കുന്നത്.
View this post on Instagram
ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരും സാഹിത്യപ്രേമികളും പങ്കെടുക്കുന്ന ഈ അക്ഷരോത്സവത്തിന്റെ വാർത്തകളും തത്സമയ വിവരങ്ങളും ഡിജിറ്റൽ ഇടങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ന്യൂസ് ബെംഗളൂരു ഡോട്ട് കോം പ്രധാന പങ്കുവഹിക്കും. ഒരു പ്രാദേശിക മലയാളം ഡിജിറ്റൽ മാധ്യമത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരം കൂടിയാണിത്.
ബെംഗളൂരു കോറമംഗലയിലുള്ള സെന്റ് ജോണ്‍സ് ഓഡിറ്റോറിയം കാമ്പസിലാണ് പത്ത് ദിവസം നീണ്ടു നില്ക്കുന്ന സാഹിത്യമേള അരങ്ങേറുന്നത്. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പുസ്തകമേളയ്ക്കും കലാവിപണിക്കും (ഫ്ലീ മാര്‍ക്കറ്റ്) വെള്ളിയാഴ്ച തുടക്കമായി. സാഹിത്യപരിപാടികൾ ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കും. ഒൻപത് വ്യത്യസ്ത വേദികളിലായി മൂന്ന് ദിവസങ്ങളിൽ 200-ലധികം ക്യൂറേറ്റഡ് സെഷനുകൾ നടക്കും. 400-ലധികം എഴുത്തുകാർ, കലാകാരന്മാർ, പ്രസാധകർ, വിവിധ വിഷയവിദഗ്ധർ എന്നിവർ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.
















