കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിൽ ഇരുപത്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിലായി. പുതുപ്പാടി സ്വദേശി കെ.കെ. അനീഷ്, കൈതപ്പൊയിൽ സ്വദേശി പി.എസ്. സജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ദളിത് വിഭാഗത്തിൽപ്പെട്ട യുവതിയാണ് അതിക്രമത്തിനിരയായത്. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതികൾ കാറിലെത്തി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നാണ് വിവരം. തുടർന്ന് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സ്വകാര്യ ബസിൽ കയറ്റിക്കൊണ്ടുപോയി പലതവണയായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. അടിവാരത്തും പരിസരപ്രദേശങ്ങളിലും ഒന്നാം വളവിന് സമീപത്തെ ആള്‍പ്പെരുമാറ്റം കുറഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസിന്റെ ഷട്ടറുകള്‍ താഴ്ത്തിയശേഷം പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. ഇരുവര്‍ക്കും പുറമെ കണ്ടാല്‍ തിരിച്ചറിയാവുന്ന ചിലരും പീഡനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവതി സൂചന നല്‍കി.
ഇക്കാര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.ലൈംഗികവും മാനസികവുമായ പീഡനം സഹിക്കാനാകാതെ യുവതി ആദ്യം കൊടുവള്ളി പോലീസിലും പിന്നീട് കാക്കൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് അന്വേഷിച്ച താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികൾ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
പ്രതികളായ അനീഷ് ബസിന്റെ ഡ്രൈവറും സജിത്ത് ക്ലീനറുമാണ്. ഇന്നലെ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
SUMMARY: 20-year-old woman gang-raped in a parked bus in Kozhikode; two bus employees arrested.
















