തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് പ്രഖ്യാപിച്ച ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’ യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയുടെ ഡി.പി.ആര്‍ (വിശദമായ പദ്ധതി രേഖ) തയാറാക്കുന്നതിനായി ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറും സംസ്ഥാന മുൻ ഇൻഷുറൻസ് ഓംബുഡ്സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ അംഗം പിജെ ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധർ. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ധനകാര്യ, ആസൂത്രണ സെക്രട്ടറിമാര്‍, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവരും അംഗങ്ങളായിരിക്കും. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് നാല് മാസത്തിനകം സമര്‍പ്പിക്കാനാണ് നിര്‍ദേശം.
വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ പരമാവധി കുറച്ച് സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. എംപാനല്‍ ചെയ്ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന രീതിയില്‍ കേരള സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.ച്ച്.എ) മുഖേന പദ്ധതി നടപ്പാക്കുന്നതും പരിഗണനയിലുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റിയില്‍ ഒന്നായിരുന്നു ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്. 2026-27ലെ സംസ്ഥാന ബഡ്ജറ്റില്‍ സാര്‍വത്രിക ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, പൊതുജനാരോഗ്യ ധനസഹായ പദ്ധതികളുമായി പുതിയ പദ്ധതിയെ എങ്ങനെ ഏകോപിപ്പിക്കാമെന്നും സമിതി പരിശോധിക്കും.
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിപുലമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍, പദ്ധതിയുടെ ധനകാര്യ മാതൃക, ആശുപത്രികളുടെ എംപാനല്‍മെന്റ്, ക്ലെയിം മാനേജ്‌മെന്റ്, ഗുണനിലവാര ഉറപ്പ്, പരാതിപരിഹാരം എന്നിവയും സമിതി പരിശോധിക്കും. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലൂടെ യു.ഡി.എഫ്. സര്‍ക്കാര്‍ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കുകയാണെന്നും മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫ്. പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റികളിൽ ഒന്നായിരുന്നു ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്. ആദ്യ ബജറ്റിലും ഇത് ഉൾപ്പെടുത്തിയിരുന്നു.
SUMMARY: 25 lakhs for all families; Oommenchandy health insurance scheme to reality















