ഫരീദാബാദ്: കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രമുഖ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഹരിയാനയിലെ ഫരീദാബാദിലെ സെക്ടർ 21 സി യിലാണ് ദാരുണ സംഭവം നടന്നത്. സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐടി കമ്പനിയിൽ സീനിയർ വൈസ് പ്രസിഡന്റായ പരംജീത് ധൻകറാണ് (42) കൊല്ലപ്പെട്ടത്.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് പരംജീത് സിംഗപ്പൂരിൽ നിന്ന് നാടായ ഫരീദാബാദിൽ എത്തിയത്. വെള്ളിയാഴ്ച രാത്രി പാർക്കിങ് ഏരിയയിൽ കാർ നിർത്തുന്നതിനെ ചൊല്ലി അയൽവാസിയായ മോനു ശർമയുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ മോനു ശർമ തന്റെ ലൈസൻസുള്ള തോക്കെടുത്ത് പരംജീതിന് നേരെ വെടിയുതിർക്കുകയായിരുന്നു.
15-ഓളം റൗണ്ട് വെടിയുതിർത്തതിൽ ഒമ്പതോളം ബുള്ളറ്റുകൾ പരംജീതിന്റെ ശരീരത്തിൽ പതിച്ചു. സംഭവസ്ഥലത്തുതന്നെ രക്തത്തിൽ കുളിച്ചുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















