ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ കൂടി മൈസൂരുവിലെ ചാമുണ്ഡികുന്നിന് സമീപമുള്ള വനമേഖലയിൽനിന്ന് കണ്ടെത്തി. ഇതോടെ കേസിൽ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം അഞ്ചായി. ശിവകുമാർ (30), ഭാര്യ ദിവ്യ (30) എന്നിവരുടേതാണെന്ന് സംശയിക്കുന്ന മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.
കേസിലെ പ്രധാന പ്രതിയായ ടാക്സി ഡ്രൈവർ ഇന്ദുശേഖറിനെ പോലീസ് സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങൾ പ്രതി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ചാമുണ്ഡി കുന്നിലേക്കുള്ള റോഡിലെ ഒരു ഗസ്റ്റ് ഹൗസിന് സമീപം, താവരക്കട്ടെയിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൈസൂരു പോലീസ്, ബെംഗളൂരു നോർത്ത് ഡിവിഷൻ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും തുടർപരിശോധനകൾക്കുമായി മാറ്റി. മരിച്ചവരുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനായി ഡി.എൻ.എ പരിശോധനയും നടത്തും.
കേസിൽ ഏഴ് പേരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്. ഇതിൽ ഏഴുവയസ്സുകാരനായ പുനീത് എന്ന കുട്ടിയുടെ മൃതദേഹം നവംബർ 6-ന് ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. നവംബർ 7-ന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ യേർക്കാട് വനമേഖലയിൽനിന്ന് പ്രതിയുടെ ഭാര്യ സുനിത (40), അമ്മായിയമ്മ രൂപവതി (65) എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. കേസിൽ ഇനി രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. അവ ചാർമാടി ഘട്ട് മേഖലയിലായിരിക്കാമെന്നാണ് പോലീസിന്റെ സംശയം. അവിടേക്ക് തിരച്ചിൽ വ്യാപിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
SUMMARY: Bengaluru massacre case: Two more bodies found near Chamundi hill















