റായ്പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ് ഉണ്ടായത്. സ്നിപ്പർ സ്പെഷ്യലിസ്റ്റും ഏരിയ കമ്മിറ്റി അംഗവുമായ ജൻ മിലിഷ്യ കമാൻഡർ മാദ്‌വി ദേവ, കൾച്ചറൽ ആൻഡ് കമ്മ്യൂണിക്കേഷൻസ് (സിഎൻഎം) കമാൻഡർ പോഡിയം ഗാംഗി, ഏരിയ കമ്മിറ്റി അംഗവും കിസ്താറാം ഏരിയയുടെ ഇൻ-ചാർജ് സെക്രട്ടറിയുമായ സോഡി ഗാംഗി എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ബസ്തർ റേഞ്ച്) സുന്ദർരാജ് പി പറഞ്ഞു.
ഈ വർഷം ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലുകളിൽ 262 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. സുഖ്‌മ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ മാത്രം 233 പേരെ വധിച്ചു. റായ്പൂർ ഡിവിഷനിലെ ഗരിയാബന്ദ് ജില്ലയിൽ ഇരുപത്തിയേഴ് പേർ കൊല്ലപ്പെട്ടു, ദുർഗ് ഡിവിഷനിലെ മൊഹ്‌ല-മാൻപൂർ-അംബഗഡ് ചൗക്കി ജില്ലയിൽ രണ്ട് മാവോയിസ്റ്റുകളെയും സുരക്ഷാസേന വധിച്ചു.
SUMMARY: 5 lakhs on head! Security forces kill three Maoists in Chhattisgarh encounter













