
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ ഗോകുൽ (15), ചാലുവിള വീട്ടിൽ നിഖിൽ(15) എന്നിവരാണ് മരിച്ചത്. കീഴാറ്റിങ്ങൽ തൊപ്പിച്ചെന്ത പേരാണം കല്ലു കടവ് ഭാഗത്താണ് അപകടം. വൈകിട്ട് 5.45 ഓടെ ഇരുവരും കുളിക്കാൻ ഇറങ്ങിയതായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു കൂട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തുകയും തുടർന്ന് ഫയർഫോഴ്സ് എത്തി കുട്ടികളെ നദിയിൽ മുങ്ങിയെടുക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും കല്ലൂർക്കോണം ഹൈസ്കൂൾ വിദ്യാർഥികളാണ്. നാല് വിദ്യാർഥികളാണ് കുളിക്കടവിൽ എത്തിയത്.
SUMMARY: 2 Class 10 students drown while bathing in river














