
മലപ്പുറം: പുതിയ ദേശീയപാത 66ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയില്‍ ടോള്‍പിരിവ് ആരംഭിക്കും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോള്‍പ്ലാസ. വളാഞ്ചേരിക്കും പുത്തനത്താണിക്കും ഇടയിലാണ് വെട്ടിച്ചിറ. ടോള്‍ പ്ലാസയ്ക്ക് 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ടോള്‍നിരക്കില്‍ ഇളവ് നല്‍കുമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു.
കാര്‍, ജീപ്പ്, വാന്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 145 രൂപയാണ് നിരക്ക്. മാസം 4,875 രൂപ നിരക്കില്‍ പ്രതിമാസ പാസ് ലഭിക്കും. ലൈറ്റ് കൊമേഴ്‌സ്യല്‍, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങള്‍ക്ക് ഒരു യാത്രക്ക് 235 രൂപയും മാസ പാസ് 7,875 രൂപയുമാണ്. രണ്ട് ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് ഒരു തവണ 495 രൂപയും പ്രതിമാസ പാസിന് 16,505 രൂപയും നല്‍കണം.
ടോള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് കെഎന്‍ആര്‍സിഎല്‍ കമ്പനിയുടെ സാങ്കേതിക വിഭാഗം വൈസ് പ്രസിഡന്റ് സി. മുരളീധര്‍ റെഡ്ഡി പറഞ്ഞു. കൂരിയാട്ട് തകര്‍ന്ന ഭാഗം തൂണുകളുപയോഗിച്ച് പുനര്‍നിര്‍മിക്കുന്ന പണി ഫെബ്രുവരി പകുതിയോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Toll collection on the new national highway in Malappuram from the 30th of this month














