
ബെംഗളൂരു: എവിടെയുമുള്ള സാമൂഹ്യ നീതി നിഷേധത്തെ മനുഷ്യർക്കൊന്നിച്ചെതിർക്കാൻ കഴിയണമെന്ന് കവിയും സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ വിഎസ് ബിന്ദു ടീച്ചർ പറഞ്ഞു. സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ബെംഗളൂരുവില്‍ ഏർപ്പെടുത്തിയ ‘അവളോടൊപ്പം അതിജീവിതകളോടൊപ്പം’ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിന്ദു ടീച്ചർ.
അതിജീവിതർക്കൊപ്പം എന്നാകുമ്പോൾ എല്ലാവർക്കും ഒപ്പം ജീവിക്കാനുള്ള പരിശീലനമാണ് നാം ലക്ഷ്യമാക്കുന്നത്. തലമുറകൾ കൈമാറുന്ന കഥപറച്ചിലുകൾ ഉൾപ്പെടെ കാലാനുസൃതമായ പരിശീലനം വരുത്തി മൂല്യബോധങ്ങളെ സർഗാത്മകമായി അവതരിപ്പിക്കണമെന്നും തൊഴിലിടങ്ങളിലും വീടുകളിലും, പൊതുസ്ഥലങ്ങളിലും, അധികാരവും ശക്തിയും നിയമവും വിലയ്ക്കെടുക്കാത്ത ജനാധിപത്യബോധം
പുലരാൻ നമ്മൾ നിരന്തരം ശബ്ദമുയർത്തുക തന്നെ ചെയ്യണമെന്നും അവര്‍ പറഞ്ഞു.
പുരോഗമനകലാസാഹിത്യസംഘം ബെംഗളൂരു യൂണിറ്റ് പ്രസിഡന്റ് സുരേഷ് കോടൂർ സംവാദം ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യവേദി സെക്രട്ടറി പൊന്നമ്മ ദാസ് അധ്യക്ഷത വഹിച്ചു.
ഡെന്നിസ്‌പോൾ, ബി.എസ്. ഉണ്ണികൃഷ്ണൻ, ആർട്ടിസ്റ്റ് ശ്രീനി, കാദർ മൊയ്തീൻ, ശാസ്ത്രസാഹിത്യവേദി പ്രസിഡന്റ് കെ.ബി. ഹുസൈൻ, സി.പി.എ.സി. പ്രസിഡന്റ് സി. കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റ് ഷീജാ റെനീഷ് എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ, സൗദാ റഹ്‌മാൻ, രതി സുരേഷ്, രമ പ്രസന്ന, പി. ഗീത, സുഷമ ശങ്കർ, അർച്ചനാ സുനിൽ, കെ.എസ്. സീന, സ്മിതാ വത്സല, എൻ.കെ. ശാന്ത, ജഗതാ കല്യാണി എന്നിവർ കവിതകൾ ആലപിച്ചു.
SUMMARY: CPAC Shasthrasahithya Vedhi seminar














