തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിനായി 5,580 കോടി രൂപ സംസ്ഥാന സർക്കാർ നൽകിയിട്ടും, ശക്തമായ ഇടപെടലുകൾ നടത്തിയിട്ടും ഉദ്ഘാടന വേളയിൽ അവഗണന നേരിട്ട സാഹചര്യത്തിലാണ് പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. മുംബൈ – കന്യാകുമാരി ഇക്കോണോമിക് ഇടനാഴിയുടെ ഭാഗമായ ഈ സുപ്രധാന പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസർക്കാർ ഏകപക്ഷീയമായി ഏറ്റെടുക്കുന്നുവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
ഏകദേശം 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച 39 കിലോമീറ്റർ നീളമുള്ള ഈ പാത കണ്ണൂർ, കാസറഗോഡ് ജില്ലകളെയും മംഗളൂരുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. 2021 നവംബറിൽ നിർമ്മാണം ആരംഭിച്ച് 2025 ഓഗസ്റ്റിൽ പൂർത്തിയാക്കിയ ഈ സ്ട്രെച്ച് സംസ്ഥാനത്ത് വികസനം പൂർത്തിയായ ആദ്യ റീച്ചാണ്. പദ്ധതിക്കായി വലിയ സാമ്പത്തിക വിഹിതം നൽകിയ കേരളത്തെ ചടങ്ങിൽ നിന്ന് മാറ്റിനിർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നു. വികസന നേട്ടങ്ങളെ ചൊല്ലിയുള്ള കേന്ദ്ര-സംസ്ഥാന പോര് ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
SUMMARY: Minister Muhammad Riyaz omitted from National Highway inauguration ceremony; State government to boycott event















