ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് മാറാനുള്ള നിർദ്ദേശം താൻ നിരസിച്ചതായി അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും കർണാടക രാഷ്ട്രീയത്തിൽ സജീവമായി തുടരാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു, അതിനാൽ ഞാൻ രാജി സമർപ്പിച്ചു. പാർട്ടിയിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്” – സിദ്ധരാമയ്യ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സാമൂഹിക നീതി ക്യാന്പയ്ന് കരുത്തു പകരാൻ സിദ്ധരാമയ്യയെപ്പോലെയുള്ള മുതിർന്ന, ഒബിസി വിഭാഗത്തിലെ നേതാവിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരികയും, ഒപ്പം ഡി.കെ. ശിവകുമാറുമായുള്ള അധികാരത്തർക്കം പരിഹരിക്കുകയുമായിരുന്നു ഹൈക്കമാൻഡിന്റെ ലക്ഷ്യം. ഇതിനായിട്ടാണ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതെങ്കിലും തനിക്ക് ദില്ലിയിലേക്ക് പോകാൻ താല്പര്യമില്ലെന്ന് സിദ്ധരാമയ്യ തീർത്തുപറയുകയായിരുന്നു.
ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിന്റെ സ്പെഷ്യൽ സെക്രട്ടറി പ്രഭു ശങ്കറിനാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഇതോടെ ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും.
SUMMARY: ‘Not interested in national politics, will continue to be active in Karnataka politics’ – Siddaramaiah
















