കൊച്ചി: താര സംഘടന ‘അമ്മ’യില്‍ നിലവിലുള്ള ആഭ്യന്തര തർക്കങ്ങള്‍ പരിശോധിക്കാൻ അഞ്ചംഗ സമിതി. ടിനി ടോമിനെതിരെ അൻസിബ ഹസൻ നല്‍കിയ പരാതി സമിതി പരിശോധിക്കും. സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പുറമെ രമേശ് പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
സ്വതന്ത്രസമിതി വേണമെന്ന് അൻസിബ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇല്ലാത്ത മൂന്ന് പേരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, സമിതിക്ക് മുന്നില്‍ എത്തുമോ എന്നതില്‍ അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്വേതാ മേനോൻ ഉള്‍പ്പെട്ട സമിതി തന്റെ പരാതി കേള്‍ക്കുന്നതില്‍ കാര്യമില്ലെന്നാണ് നടി നേരത്തെ സ്വീകരിച്ച നിലപാട്. ശ്വേതാ മേനോനും തന്റെ പരാതിയില്‍ ആരോപണവിധേയ ആണെന്നാണ് നടിയുടെ വാദം.
നടി ലക്ഷ്മിപ്രിയ തനിക്കെതിരെ പരാതി നല്‍കിയപ്പോള്‍ സംഘടനയോട് ഇടപെടാൻ പറഞ്ഞെങ്കിലും തങ്ങള്‍ക്ക് ഇതിലൊന്നും ചെയ്യാനില്ലെന്ന് അമ്മ പ്രസിഡന്റ് പ്രതികരിച്ചതായി അൻസിബ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേ വിഷയത്തില്‍ പ്രസിഡന്റ് തന്നെ പിന്തുണച്ചിരുന്നതായി പിന്നീട് ലക്ഷ്മിപ്രിയ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ പറയുകയും ചെയ്തു. ‘ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട കമ്മിറ്റി എന്താകുമെന്ന് അറിയില്ല. ചാരിറ്റി മാത്രമല്ല അംഗങ്ങള്‍ തമ്മിലെ പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ട്’- അൻസിബ പറഞ്ഞു.
SUMMARY: Controversy in ‘Amma’: Resolution committee consisting of three people including Ramesh Pisharody
















