ബെംഗളൂരു: അടുക്കളയിലെ സ്ഥിരം സാന്നിധ്യങ്ങളായ നെയ്യും വെണ്ണയും വാങ്ങാൻ ഇനി ഉപഭോക്താക്കൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. ജനപ്രിയമായ ‘നന്ദിനി’ ബ്രാൻഡിന്റെ നെയ്യിന്റെയും വെണ്ണയുടെയും ചില്ലറവില വർധിപ്പിച്ചതായി കർണാടക മിൽക്ക് ഫെഡറേഷന്റെ കീഴിലുള്ള ബെംഗളൂരു മിൽക്ക് യൂണിയൻ അറിയിച്ചു.
പുതിയ വില ജൂലൈ 24 മുതൽ പ്രാബല്യത്തിൽ വന്നു. നഗരത്തിലെ എല്ലാ ബാമുൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഡിപ്പോകൾ, ഉപഭോക്തൃ സ്റ്റോറുകൾ, ഫ്രാഞ്ചൈസികൾ, സി.എസ്.ഡി കാന്‍റീനുകൾ, നന്ദിനി മിൽക്ക് പാർലറുകൾ എന്നിവയിൽ പുതിയ നിരക്കുകൾ ബാധകമായിരിക്കും.
പുതുക്കിയ വിലപ്പട്ടിക പ്രകാരം ഒരു ലിറ്റർ നന്ദിനി നെയ്യ് സാഷെയുടെ വില 715 രൂപ ആയും, ഒരു ലിറ്റർ പി.ഇ.ടി. ജാറിന്റെ വില 735 രൂപ ആയും നിശ്ചയിച്ചു. ഒരു കിലോ (ഒരു ലിറ്റർ ടിൻ) നെയ്യിന് 750 രൂപ നൽകണം. 500 ഗ്രാം ഉപ്പുള്ള വെണ്ണയ്ക്ക് 310 രൂപ ഉപ്പില്ലാത്ത(അൺസാൾട്ടഡ് ബട്ടർ)500 ഗ്രാം വെണ്ണയ്ക്ക് 330 രൂപ എന്നിങ്ങനെയും പുതിയ വില നിശ്ചയിച്ചിട്ടുണ്ട്.
ഇന്ധനച്ചെലവും ഉൽപാദനച്ചെലവും വർധിച്ചതാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, നിത്യോപയോഗ സാധനങ്ങളുടെ വില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ ഈ തീരുമാനം കുടുംബ ബജറ്റിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്ന് ഉപഭോക്താക്കൾ ആശങ്കപ്പെടുന്നു. ലഡു, ബെണ്ണെ ദോശ, നെയ്ച്ചോറ് തുടങ്ങി നെയ്യും വെണ്ണയും കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ നിർമ്മാണച്ചെലവും ഇതോടെ ഉയരാനിടയുണ്ട്.
പുതിയ വില അടുത്ത ഉത്തരവ് വരുന്നതുവരെ തുടരുമെന്നും എല്ലാ നന്ദിനി മിൽക്ക് പാർലറുകളിലും അംഗീകൃത വിതരണകേന്ദ്രങ്ങളിലും ഇത് ബാധകമാണെന്നും ബെംഗളൂരു മിൽക്ക് യൂണിയൻ അറിയിച്ചു.
SUMMARY: Nandini increases prices of ghee and butter; new rates from today
















