ബെംഗളൂരു: അവിഹിത ബന്ധം സംശയിച്ച് 23 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ വീഡിയോകോൾ വഴി അവളുടെ മാതാപിതാക്കൾക്ക് കാണിച്ചുകൊടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂരകൊലപാതകം നടന്നത്. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാഗ്യശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രവീൺ ജിഗലൂരുവാണ് അറസ്റ്റിലായത്.
ഗലാഗലി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് പ്രവീണ്‍ മരത്തടി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തൂക്കിക്കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. യുവതി പച്ച ദുപ്പട്ടയിൽ തൂങ്ങിനിൽക്കുന്നതും, രക്ഷപ്പെടാനായി താഴെയുള്ള കട്ടിലിൽ കാൽ കുത്താൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിലുണ്ട്.
തൂക്കിക്കേറ്റിയ ഭാര്യ ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ പ്രതി വീഡിയോയില്‍ പകര്‍ത്തിയതായി പോലീസ് പറഞ്ഞു. യുവതി ശ്വാസം കിട്ടാതെ പിടയുമ്പോള്‍ യുവതിയുടെ മാതാപിതാക്കളെ വീഡിയോ കോളില്‍ വിളിച്ച് സ്വന്തം മകളുടെ മരണം നേരില്‍ കാണാന്‍ അവന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് ഈ വീഡിയോ പലര്‍ക്കും അയച്ചുകൊടുത്തതായും പോലീസ് അറിയിച്ചു.
തുടര്‍ച്ചയായ വഴക്കുകളെ തുടര്‍ന്ന് ഏകദേശം രണ്ട് മാസം മുമ്പ് ഭാഗ്യശ്രീ തന്റെ ഭര്‍തൃവീട് വിട്ട് മാതാപിതാക്കളുടെ കൂടെയായിരുന്നു താമസം. സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് ഉറപ്പുനല്‍കി പ്രവീണ്‍ അവളെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ അന്നുതന്നെ അവള്‍ കൊലചെയ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ ബിലഗി പോലീസ് സ്ഥലത്തെത്തി. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: Wife hanged alive; Young man shows footage to parents over video call, reveals brutality
















