ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദോബാസ്പേട്ട് ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന് പോയ ടെക് പ്രൊഫഷണലിനെ കാണാതായി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ അദ്വൈത് ഉപാധ്യായയെ(41) ആണ് കാണാതായത്.
ബെംഗളൂരുവിൽ ജോലി ചെയ്തുവരികയായിരുന്നു ഈ യുവാവ്.
വെള്ളിയാഴ്ച രാവിലെ ശിവഗംഗെ മലയിൽ എത്തിയ അദ്വൈത് മോട്ടോർസൈക്കിൾ മലയുടെ താഴ് വാരത്ത് പാർക്ക് ചെയ്ത ശേഷമാണ് ട്രെക്കിങ്ങിനായി പോയത്. മല കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
രാവിലെ മലയിൽ നിന്ന് പ്രതിശ്രുത വധുവുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നെങ്കിലും പിന്നീട് അദ്വൈതുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ഓഫ് ആയതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ്, വനംവകുപ്പ്, എസ് ഡി ആർ എഫ് സംഘങ്ങൾ ചേർന്ന് മലയിൽ തിരച്ചിൽ ആരംഭിച്ചു.
ഇതിനിടെ ശാന്തള പോയിന്റിന് സമീപത്തുനിന്ന് അദ്വൈതിന്റെ ബാഗും സ്വെറ്ററും കണ്ടെത്തി. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ മലയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ തുടരുകയാണ്. അദ്വൈതിന് എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിവിധ വകുപ്പുകൾ അദ്ദേഹത്തെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
ബെംഗളൂരുവിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശിവഗംഗെ സമുദ്രനിരപ്പിൽ നിന്ന് 4,488 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രവുമാണ്.
SUMMARY: Techie goes missing after going on a solo trek in Sivagange Hills
















