ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് വയസ്സുകാരിയടക്കം രണ്ടുപേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിൽ നാഗുവനഹള്ളി ഗേറ്റിന് സമീപമുള്ള മേൽപ്പാലത്തിലാണ് അപകടമുണ്ടായത്.
മാണ്ഡ്യ ഗട്ടാലു ലേഔട്ട് സ്വദേശി മഹാദേവു (49), തൈലൂർ ഗ്രാമത്തിൽ നിന്നുള്ള ഋത്വിക (8) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഗൗരി, ലത, ശിവരാജു, പ്രാർത്ഥവ്യ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് കുടുംബങ്ങളിലുള്ളവർ കാറിൽ നഞ്ചൻഗുഡ് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുന്നിൽ പോവുകയായിരുന്ന ചരക്കുലോറിക്ക് പിന്നിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
വിവരമറിഞ്ഞ് ശ്രീരംഗപട്ടണം റൂറൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Accident on the Mysuru-Bengaluru Expressway as a car rams into the back of a lorry; two people, including an eight-year-old girl, die, and four others sustain serious injuries.















