തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിൻ്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴയെത്തുന്നത്. സെപ്റ്റംബർ 10 മുതൽ 13 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച മഴ മുന്നറിയിപ്പില്ല. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ്. 35.2 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനില. കോട്ടയത്ത് 34.6 ഡിഗ്രി സെൽഷ്യസും കൊച്ചിയിൽ 34 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 33.6 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പം വർധിച്ചുനിൽക്കുന്നതും ജനങ്ങളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
SUMMARY: Rain likely for three days in the state from tomorrow; Yellow alert announced in various districts
















