ബെംഗളൂരു: കുടുംബതർക്കത്തിൽ മധ്യസ്ഥതയ്ക്ക് ശ്രമിച്ച യുവാവിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. ബെംഗളൂരുവിലെ ശബരിനഗറിൽ ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സയ്യിദ് ഇലിയാസ് പാഷ ചികിത്സയിലാണ്.
പ്രദേശത്തെ ഒരു സഹോദരനും സഹോദരിക്കും ഇടയിലെ കുടുംബങ്ങൾക്കിടയിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. ഒരു ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. സംഭവത്തിൽ പോലീസ് ഇടപെട്ട് ബൈക്ക് വീണ്ടെടുത്തെങ്കിലും കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നം അവസാനിച്ചില്ല. തുടർന്ന് ഇരുവിഭാഗവും കൊത്തന്നൂർ പോലീസ് സ്റ്റേഷനിൽ പരസ്പര പരാതികൾ നൽകിയിരുന്നു.
ഇലിയാസ് പാഷ ഇരുവിഭാഗത്തെയും അനുനയിപ്പിക്കാനും പ്രശ്നം പരിഹരിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ തർക്കം തുടരുന്നതിനിടെയാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. വെട്ടുകത്തിയുമായി എത്തിയ സൽമാൻ എന്നയാൾ ഇലിയാസ് പാഷയെ പൊതുസ്ഥലത്ത് വെച്ച് ആക്രമിച്ചതായാണ് റിപ്പോർട്ട്. വയറിന് ഗുരുതരമായി പരുക്കേറ്റ പാഷയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാൾ ദുബായിലേക്ക് കടന്നിരിക്കാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Family dispute; Youth stabbed
















