റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദില്‍ ശനിയാഴ്ച പുലർച്ചെ വൻ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. മേഖലയില്‍ ശത്രുപക്ഷത്തിന്റെ വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സ്ഫോടന ശബ്ദങ്ങള്‍ കേട്ടത്. പുലർച്ചെ മൂന്നുമണിയോടെ റിയാദിലെ ജനങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്ക് എയർ റെയ്ഡ് മുന്നറിയിപ്പ് സന്ദേശം എത്തി.
മേഖല ശത്രുപക്ഷത്തിന്റെ വ്യോമാക്രമണ ഭീഷണിയിലാണെന്നും ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നുമായിരുന്നു സന്ദേശം. ഇതിന് പിന്നാലെ രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഏകദേശം അരമണിക്കൂറിന് ശേഷം സൗദി സിവില്‍ ഡിഫൻസ് മുന്നറിയിപ്പ് പിൻവലിച്ചു. ജൂലൈയില്‍ യെമനിലെ പോരാട്ടം രൂക്ഷമായതിന് ശേഷം റിയാദിന് നേരെ നേരിട്ട് ആക്രമണ ഭീഷണി ഉയരുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്.
ബാബ് അല്‍ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയതായി അവകാശപ്പെടുന്ന ഹൂതികള്‍ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ചെങ്കടല്‍ വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതിയില്‍ വലിയ കുറവുണ്ടായതായി നാവിക നിരീക്ഷണ ഏജൻസിയായ ക്ലെപ്ലർ വ്യക്തമാക്കിയിരുന്നു.
SUMMARY: Airstrike warning in Riyadh; followed by the sound of an explosion
















