കല്പറ്റ: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ (എം.ഡി) ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു. ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണ് നിർണായക നടപടി. കേസില്‍ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആന്റോയെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എക്സൈസ് പ്രോസിക്യൂഷൻ കോടതിയില്‍ ശക്തമായി ആവശ്യപ്പെട്ടത്.
എന്നാല്‍ ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട കോടതി 24 മണിക്കൂർ നേരത്തേക്ക് മാത്രമാണ് കസ്റ്റഡി അനുവദിച്ചത്. റെയ്ഡില്‍ പിടിച്ചെടുത്ത വിദേശ നിർമ്മിത മദ്യത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനായി പ്രതിയെ നേരിട്ട് ചോദ്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതേസമയം, അറസ്റ്റില്‍ എക്സൈസ് നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന മുൻ നിലപാട് തന്നെയാണ് പ്രതിഭാഗം കോടതിയില്‍ ആവർത്തിച്ചത്.
റെയ്ഡ് നടക്കുമ്പോള്‍ ആന്റോ അഗസ്റ്റിൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും എറണാകുളത്തായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചോദ്യം ചെയ്യലിനായി 24 മണിക്കൂർ സമയം എക്സൈസിന് അനുവദിക്കുകയായിരുന്നു.
SUMMARY: Case involving seizure of liquor from home: Anto Augustine remanded to Excise custody
















