ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബയോകോണിലെ 1,500-ലധികം ജീവനക്കാർ സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. ഹെബ്ബഗോഡി ഓഫീസില്‍ നടപ്പാക്കിയ യാത്രാപ്രോത്സാഹന പദ്ധതിയിലൂടെയാണ് ജീവനക്കാരുടെ യാത്രാശീലത്തിൽ മാറ്റമുണ്ടായത്.
2026 ഏപ്രിലിൽ ആരംഭിച്ച കോർപ്പറേറ്റ് കമ്മ്യൂട്ടർ നഡ്ജ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് ജോലിസ്ഥലത്തെത്തുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പരിസ്ഥിതിസൗഹൃദമായ യാത്രാരീതികളിലേക്ക് ജീവനക്കാരെ നയിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി നടപ്പാക്കിയശേഷം ജീവനക്കാർ ഉപയോഗിച്ചിരുന്ന ടാക്സികളുടെ എണ്ണം 1,396-ൽനിന്ന് 858 ആയി കുറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊതുഗതാഗതം കൂടുതൽ പേർ ഉപയോഗിക്കാൻ തുടങ്ങിയതോടെ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് 66 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിച്ചതായും റിപ്പോർട്ടുണ്ട്.
പദ്ധതിയിലൂടെ ഏകദേശം 156 മെട്രിക് ടൺ കാർബൺ പുറന്തള്ളൽ ഒഴിവാക്കാനും 68,000 ലിറ്റർ ഇന്ധനം ലാഭിക്കാനും കഴിഞ്ഞതായാണ് വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയുന്നത് റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം ഇന്ധനച്ചെലവ് കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
ബെംഗളൂരുവിൽ ഐ.ടി. കമ്പനികളും വ്യവസായ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ജീവനക്കാർ ഒരേ വാഹനത്തിൽ യാത്ര ചെയ്യുക, പൊതുഗതാഗതം ഉപയോഗിക്കുക, സ്ഥാപനങ്ങൾ യാത്രാപ്രോത്സാഹന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ നടപടികൾ നഗരത്തിലെ ഗതാഗതസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
പൊതുഗതാഗതത്തിന്റെ ഉപയോഗം വർധിപ്പിക്കാൻ സ്ഥാപനങ്ങൾ മുൻകൈയെടുക്കുന്നത് നഗരത്തിലെ സുസ്ഥിര ഗതാഗതത്തിന് പ്രയോജനകരമായ മാതൃകയാണ്. ഇത്തരം പദ്ധതികൾ മറ്റ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനായാൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും മലിനീകരണവും കുറയ്ക്കുന്നതിൽ കൂടുതൽ നേട്ടമുണ്ടാക്കാനാകും.
SUMMARY: Biocon’s model to reduce traffic congestion; over 1,500 employees opted for public transport.
















