ബെംഗളൂരു: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് പരിരക്ഷയുടെ തുക അനിയന്ത്രിതമായി വർധിപ്പിച്ച കേരള സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി കല ബാംഗ്ലൂർ. ഇൻഷുറൻസ് പരിരക്ഷയുടെ ചെലവ് സാധാരണ പ്രവാസികൾക്ക് താങ്ങാനാവാത്ത വിധത്തിൽ വർധിപ്പിച്ചുകൊണ്ട് കേരള സർക്കാർ പ്രവാസി മലയാളികളെ വഞ്ചിച്ചിരിക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് കേരളപ്പിറവി ദിനമായ നവംബർ 1ന് ഞായറാഴ്ച വഞ്ചനാദിനമായി ആചരിക്കുമെന്നും കല ബാംഗ്ലൂർ ഭാരവാഹികൾ പറഞ്ഞു.
1-ന് വൈകിട്ട് 4 മണിക്ക് ദാസറഹള്ളിയിൽ ഉള്ള കല ഓഫീസിൽ വച്ച് പ്രതിഷേധ യോഗം സംഘടിപ്പിക്കും. പ്രവാസി മലയാളികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കേണ്ട സർക്കാർ തന്നെ അവരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണെന്ന് സംഘടന വ്യക്തമാക്കി. പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും നീതിപൂർവമായ നടപടി ആവശ്യപ്പെടുന്നതിനുമായി സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗത്തിൽ എല്ലാ പ്രവാസി മലയാളികളും പങ്കെടുക്കണമെന്ന് കലയുടെ പ്രസിഡൻ്റ് ബി. കൊച്ചുമോനും ജനറൽസെക്രട്ടറി ഫിലിപ്പ് കെ ജോർജ്ജും അഭ്യർത്ഥിച്ചു.
















