ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണ്ണയ ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. വെള്ളിയാഴ്ച രാത്രി 11:51-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ജിഎസ്എൽവി-എഫ് 18 (GSLV-F18) റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന് ശേഷം ഏകദേശം 19 മിനിറ്റുകൾക്കൊണ്ട് ഉപഗ്രഹം ലക്ഷ്യമിട്ട ജിയോസിൻക്രണസ് ട്രാൻസ്ഫർ ഭ്രമണപഥത്തിൽ (GTO) കൃത്യതയോടെ പ്രവേശിച്ചതായി ഐഎസ്ആർഒ (ISRO) ഔദ്യോഗികമായി അറിയിച്ചു.
🚨 Liftoff of GSLV-F18 carrying NVS-03 at 11:51 PM IST from Second Launch Pad, SHAR!
ISRO’s rescue mission for NavIC is now underway 🚀
#ISRO | #GSLVF18 https://t.co/MizXSaUe4R
— ISRO Spaceflight (@ISROSpaceflight) October 30, 2026
മുൻപ് വിക്ഷേപിച്ച എൻവിഎസ്-02 ഉപഗ്രഹത്തിന് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കാതിരുന്ന പശ്ചാത്തലത്തിൽ, ആവശ്യമായ മുൻകരുതലുകളോടെ നടപ്പിലാക്കിയ എൻവിഎസ്-03 ദൗത്യത്തിൻ്റെ വിജയം ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് വലിയൊരു നേട്ടമാണ്. 2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ പ്രവർത്തനകാലാവധി 12 വർഷമാണ്.
ദൗത്യം വിജയകരമാക്കിയ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും ചെയർമാൻ ഡോ. വി. നാരായണൻ അഭിനന്ദിച്ചു. ഈ സാമ്പത്തിക വർഷം അഞ്ച് വിക്ഷേപണങ്ങൾ കൂടി നടത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലേക്ക് രാജ്യം കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്.
മുൻ ജിഎസ്എൽവി ദൗത്യം പൂർത്തിയാക്കി വെറും 56 ദിവസത്തിനുള്ളിൽ അടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻവിഎസ്-03ന്‍റെ വിജയത്തോടെ നാവിക് നാവിഗേഷൻ ശൃംഖലയുടെ പ്രവർത്തനത്തിന് ആവശ്യമായ നാല് ഉപഗ്രഹങ്ങൾ ഇപ്പോൾ ലഭ്യമായതായി ചെയർമാൻ അറിയിച്ചു.
ഇന്ത്യയുടെ സ്വന്തം ഗതിനിർണ്ണയ സംവിധാനമായ ‘നാവിക്’ (ഇന്ത്യൻ ജിപിഎസ്) കൂടുതൽ കാര്യക്ഷമമാക്കാനും സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനും ഈ ഉപഗ്രഹം സഹായിക്കും
ഐഎസ്ആർഒയുടെ ജിഎസ്എൽവി (GSLV) റോക്കറ്റിൻ്റെ ഇരുപതാമത് വിക്ഷേപണമായിരുന്നു ഇത്. ഇന്ത്യയിലുടനീളവും രാജ്യത്തിൻ്റെ അതിർത്തിക്ക് പുറത്ത് ഏകദേശം 1,500 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിലും കൃത്യമായ സിഗ്നലുകൾ നൽകാൻ എൻവിഎസ്-03-ക്ക് സാധിക്കും.സ്മാർട്ട്ഫോണുകളിൽ നാവിക് സേവനം: വാണിജ്യ ആവശ്യങ്ങൾക്കും സ്മാർട്ട്ഫോണുകളിലും നാവിക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി നിലവിലുള്ള L5, S ബാൻഡുകൾക്ക് പുറമെ പുതിയ L1 സിഗ്നൽ സാങ്കേതികവിദ്യയും ഇതിലുണ്ട്.
SUMMARY: NVS-03 successfully placed in orbit
















