ഫെയർഫീൽഡ്: കാലിഫോർണിയയിലെ ഒരു മാളിൽ ജനങ്ങൾക്കുനേരെ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ മൂന്ന് പേരുടെ നില അതിഗുരുതരമാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. സോളാനോയിലെ ടൗൺ സെന്റർ മാളിലാണ് വെടിവെപ്പുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നിരുന്നത്. മാളിലെ ‘സ്പിരിറ്റ് ഹാലോവീൻ’ സ്റ്റോറിനുള്ളിൽ വെടിവെയ്പ്പുണ്ടായത്. സംഭവസ്ഥലത്ത് വെടിയേറ്റ ഏഴുപേരെയും ഉടൻ തന്നെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, സംഭവത്തിൽ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. വെള്ളിയാഴ്ച രാത്രി ഏകദേശം 8:30 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മാളിനുള്ളിൽ വെടിയൊച്ച കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി ഓടുകയായിരുന്നു. അഞ്ച് മുതൽ ഏഴ് തവണ വരെ വെടിയൊച്ച കേട്ടതായാണ് റിപ്പോർട്ടുകൾ.
ഒന്നിലധികം പ്രതികൾ വെടിവെയ്പിൽ ഉൾപ്പെട്ടിട്ടുണ്ടെയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
SUMMARY: shooting at a shopping mall in California; One person was killed
















