ബെംഗളൂരു: ബെംഗളൂരുവില്‍ ഷോക്കേറ്റ് രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം. ജർമൻ പൗരനായ അലക്സാണ്ടർ മാക്സ്മിലിയൻ തെയ്സ് , സ്ലോവാക്യൻ പൗരൻ യൂറൈ ഹൊർവാറ്റ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ അള്‍സൂരിലെ കോണ്‍റാഡ് പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റാണ് മരണം. വെള്ളിയാഴ്ച വൈകിട്ട് 5.10ഓടെയാണ് സംഭവം.
ഹോട്ടലിന്‍റെ മൂന്നാം നിലയിലുള്ള നീന്തല്‍ക്കുളത്തില്‍ വെച്ചാണ് ഷോക്കേറ്റത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുഎസ് പൗരൻ മാത്യു ഡെസാന്‍റിസ്, പൂള്‍ അറ്റൻഡന്‍റ് രാഹുല്‍ തിവാരി എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരെയും മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച അലക്സാണ്ടര്‍ ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരനാണ്.
ടെക് ഭീമനായ ഐബിഎമ്മിന്റെ പ്രോജക്‌ട് മാനേജരായ 45 കാരനായ ജുരാജ് ഹോർവാട്ടാണ് കൊല്ലപ്പെട്ട സ്ലോവാക്യൻ പൗരൻ. സംഭവത്തില്‍ ദുഃഖമുണ്ടെന്നും പോലീസുമായി സഹകരിക്കുന്നുണ്ടെന്നും കോണ്‍റാഡ് ഹോട്ടല്‍ മാനേജ്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.അലക്സാണ്ടറുടെ ഭാര്യ സില്‍വിയ ഒട്ടാവ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുളത്തിലിറങ്ങാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മുങ്ങിമരിച്ചതായി പരാതിയില്‍ പറയുന്നു.
SUMMARY: Two foreigners died from electric shock in the swimming pool of a five-star hotel in Bengaluru.















