ബെംഗളൂരു: അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് ബെംഗളൂരുവിലെ നമ്മ മെട്രോ. കോലാറിലെ ജാലപ്പ ആശുപത്രിയിൽനിന്ന് ബെംഗളൂരുവിലെ നാഗർഭാവിയിലുള്ള ഫോർട്ടിസ് ആശുപത്രിയിലേക്ക് വൃക്ക എത്തിക്കുന്നതിനാണ് മെട്രോ സേവനം പ്രയോജനപ്പെടുത്തിയത്. മെട്രോ ട്രെയിനിൽ വെറും 37 മിനിറ്റുകൊണ്ട് മെഡിക്കൽ സംഘം ലക്ഷ്യസ്ഥാനത്തെത്തി.
ಜೀವ ಉಳಿಸುವ ಪಯಣ ಮಾನವ ಮೂತ್ರಪಿಂಡ ಸಾಗಣೆಗೆ ನಮ್ಮ ಮೆಟ್ರೋ ನೆರವು / A Race against Time Namma Metro Transports a Human Kidney. For details Pl See the Media Release. https://t.co/awdkc9MS1B
— ನಮ್ಮ ಮೆಟ್ರೋ (@OfficialBMRCL) October 30, 2026
ഒക്ടോബർ 30-ന് ഉച്ചയ്ക്ക് 2.58-നാണ് മെഡിക്കൽ സംഘം വൃക്കയുമായി ബെണ്ണിഗാനഹള്ളി മെട്രോ സ്റ്റേഷനിൽനിന്ന് യാത്ര ആരംഭിച്ചത്. 3.35-ന് അത്തിഗുപ്പെ സ്റ്റേഷനിലെത്തി. ഇതോടെ മെട്രോ യാത്ര പൂർത്തിയാക്കാൻ എടുത്തത് 37 മിനിറ്റ് മാത്രം.
ബെംഗളൂരുവിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് അടിയന്തര ചികിത്സയ്ക്കും അവയവങ്ങളുടെ കൈമാറ്റത്തിനും പലപ്പോഴും വലിയ വെല്ലുവിളിയാണ്. അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള സമയപരിധി നിർണായകമായതിനാൽ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് മെട്രോ അധികൃതരുടെ സഹായത്തോടെ മെഡിക്കൽ സംഘം വൃക്കയുമായി യാത്ര ചെയ്തത്. റോഡിലെ തിരക്ക് ഒഴിവാക്കി നിശ്ചിത സമയത്തിനുള്ളിൽ ആശുപത്രിയിലെത്താൻ മെട്രോ സംവിധാനം സഹായിച്ചു.
അവയവദാനത്തിൽ ദാതാവിൽനിന്ന് സ്വീകർത്താവിലേക്കുള്ള അവയവത്തിന്റെ സുരക്ഷിതവും വേഗത്തിലുള്ളതുമായ കൈമാറ്റം നിർണായകമാണ്. ഇതിനായി പോലീസ്, ആരോഗ്യവകുപ്പ്, ആശുപത്രികൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം ആവശ്യമാണ്.
അടിയന്തര സാഹചര്യങ്ങളിൽ നമ്മ മെട്രോയെ ഉപയോഗപ്പെടുത്തുന്നത് നഗരത്തിലെ അവയവ കൈമാറ്റ ദൗത്യങ്ങൾക്ക് പുതിയ സാധ്യതകൾ തുറക്കുന്നു. ഗതാഗതക്കുരുക്ക് നിറഞ്ഞ നഗരത്തിൽ ജീവൻ രക്ഷിക്കുന്ന ഇത്തരം ദൗത്യങ്ങൾക്ക് പൊതുഗതാഗത സംവിധാനം എങ്ങനെ സഹായകരമാകാമെന്നതിന്റെ ഉദാഹരണമായി ഈ യാത്ര മാറി.
SUMMARY: Time is critical, roadblock!; In 37 minutes, the kidney was brought to the hospital by Namma Metro
















