ഡല്‍ഹി: കാൻസര്‍ രോഗികള്‍ക്ക് ആശ്വാസമായി രാജ്യത്ത് കാൻസർ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നു. പട്ടികയില്‍ ഉള്‍പ്പെടാത്ത 137 കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തി. ട്രേഡ് മാർജിൻ എം.ആർ.പിയുടെ (MRP) 30 ശതമാനത്തില്‍ കൂടരുതെന്ന കേന്ദ്ര രാസവസ്തു മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് വില വെട്ടിക്കുറച്ചത്. ബ്രാൻഡഡും പേറ്റന്റുള്ളതുമായ 543 മരുന്നുകളുടെ വിലയില്‍ 20 മുതല്‍ 70 ശതമാനം വരെ കുറവുണ്ടാകും.
പുതിയ നിർദേശപ്രകാരം പുതുക്കിയ എം.ആർ.പി രേഖപ്പെടുത്തിയ മരുന്നുകള്‍ വിപണിയില്‍ എത്തിത്തുടങ്ങി. ചില മരുന്നുകളുടെ വിലയില്‍ 96 ശതമാനം വരെ വൻ കുറവാണുണ്ടായിട്ടുള്ളത്. 679 ബ്രാൻഡുകളുടെ വിലയില്‍ 50 ശതമാനത്തിലധികം കുറവുവന്നതായി മന്ത്രാലയം വ്യക്തമാക്കി. നിർദേശം പ്രാബല്യത്തിലായതോടെ കാൻസർ രോഗികള്‍ക്ക് പ്രതിവർഷം 3,540 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ജീവൻ രക്ഷാ മരുന്നുകള്‍ കൂടുതല്‍ ആളുകളിലേക്ക് എളുപ്പത്തില്‍ എത്തിക്കുന്നതിനുമായി സർക്കാർ-സ്വകാര്യ ആശുപത്രികളിലും ചില്ലറ മരുന്ന് വില്‍പ്പനശാലകളിലും ഈ പുതുക്കിയ വില നിർബന്ധമായും നടപ്പിലാക്കണമെന്ന് അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്.
SUMMARY: Relief for cancer patients; price controls on medicines come into effect















