ചെങ്ങന്നൂര്‍: കൊല്ലം ചവറയില്‍ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി പരാതി. തേവലക്കര സ്വദേശിയായ 42-കാരി ഉദയലക്ഷ്മിയാണ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. തൊണ്ടയിലെ മുഴ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ പതിനാറാം തീയതിയാണ് ഉദയലക്ഷ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ അടുത്ത ദിവസം തൊണ്ടയില്‍ ട്യൂബ് ഇടുന്നതിനായി ഉദയലക്ഷ്മിയെ മറ്റൊരു ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇതിനുപിന്നാലെ മരണം സംഭവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉദയലക്ഷ്മി ആരോഗ്യവതിയായിരുന്നുവെന്നും രണ്ടാമത്തെ ശസ്ത്രക്രിയക്ക് മുമ്പ് നന്നായി സംസാരിച്ചിരുന്നതാണെന്നും കുടുംബം പറയുന്നു. വെണ്മണിയിലെ സഞ്ജീവനി ആശുപത്രിക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.
ഹൃദയ പരിശോധന അടക്കം എല്ലാ ചികിത്സകളും ഉറപ്പാക്കിയിരുന്നുവെന്നും ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടാകാമെന്നും ചികിത്സാ റിപ്പോര്‍ട്ടുകള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വെണ്മണി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവില്‍, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയുടെ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ എന്ന് പോലീസ് വ്യക്തമാക്കി.
SUMMARY: Complaint filed alleging a young woman died following surgery to remove a lump in her throat in Chavara, Kollam















