ബെംഗളൂരു: ബാഗളൂരുവിലെ മഞ്ചപ്പനഹള്ളിയിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ ആക്രിക്കച്ചവടക്കാരൻ ഇംറാസ് പാഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവീദ് ബെയ്ഗ്, മുബാറക് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച കെ.പി. അഗ്രഹാരയിലെ ഒരു വീട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്.
45 വയസ്സുകാരനായ ഇംറാസ് പാഷയെ തിങ്കളാഴ്ചയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. യെലഹങ്കയിൽ ആക്രിക്കച്ചവടം നടത്തിയിരുന്ന പാഷയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ മഞ്ചപ്പനഹള്ളിയിലെ സ്വകാര്യ ലേഔട്ടിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.
പാഷയും പ്രധാന പ്രതിയായ നവീദ് ബെയ്ഗും രണ്ടര വർഷത്തോളമായി ബിസിനസ് ഇടപാടുകൾ നടത്തിയിരുന്നവരാണെന്ന് പോലീസ് പറയുന്നു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. സംഭവത്തിന് ഒരു ദിവസം മുമ്പ് പ്രതികൾ കൊലപാതകം നടന്ന സ്ഥലത്തെത്തി നിരീക്ഷണം നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകം നടന്ന ദിവസം നവീദ് പാഷയെ ഫോണിൽ വിളിച്ച് സ്ഥലത്തേക്ക് വരുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അവിടെവെച്ച് സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് നവീദ് പിസ്റ്റൾ ഉപയോഗിച്ച് പാഷയ്ക്കുനേരെ വെടിയുതിർത്തെന്നാണ് പോലീസിന്റെ സംശയം. മുബാറക് സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നുവെന്നും പ്രദേശത്ത് നിരീക്ഷണം നടത്തിയെന്നുമാണ് അന്വേഷണവിവരം. പ്രതികളുടെ സഞ്ചാരം തിരിച്ചറിയാൻ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും സഹായകമായി.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിന്റെ ഉടമസ്ഥാവകാശവും ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിച്ചുവരികയാണ്. പാഷയും നവീദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
SUMMARY: Bengaluru scrap dealer murder two arrested; Police said it was a financial dispute
















