ഡല്‍ഹി: രാജ്യത്തെ സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍ കേന്ദ്ര സർക്കാർ മാറ്റങ്ങള്‍ കൊണ്ടുവന്നു. കേന്ദ്ര റോഡ്-ഹൈവേ മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം വാഹനത്തിന്റെ പഴക്കമനുസരിച്ചാകും പുക പരിശോധന എപ്പോള്‍ നടത്തണമെന്ന് ഇനി തീരുമാനിക്കുക. നവംബർ 13ന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ബിഎസ്-6 വാഹനങ്ങള്‍ക്ക് നല്‍കുന്ന പുകപരിശോധനാ സർട്ടിഫിക്കറ്റുകള്‍ക്ക് ഇനി കൂടുതല്‍ കാലം കാലാവധിയുണ്ടാകും.
ഒരു വാഹനം ആദ്യം രജിസ്‌റ്റർ ചെയ്‌ത തീയതി അടിസ്ഥാനമാക്കിയാകും അതിന്റെ പഴക്കം കണക്കാക്കുക. ഭാരത് സ്റ്റേജ് എമിഷൻ കാറ്റഗറി (ബിഎസ്) അനുസരിച്ചായിരുന്നു മുമ്പ് വാഹനത്തിന് പുകപരിശോധനാ സർട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. ബിഎസ്-6 കാറ്റഗറിയില്‍ വരുന്ന പുതിയൊരു സ്വകാര്യ ആവശ്യത്തിനുള്ള കാറും പഴയ ഒരു കൊമേഴ്‌സ്യല്‍ വാഹനവും ഒരേ വിഭാഗത്തിലായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം വാഹനത്തിന്റെ പ്രായം, സ്വകാര്യ ആവശ്യത്തിനോ കൊമേഴ്‌സ്യല്‍ ആവശ്യത്തിനോ ഏതിനാണ് വാഹനം ഉപയോഗിക്കുന്നത് ഇവ അനുസരിച്ചിരിക്കും പുകപരിശോധനാ സർട്ടിഫിക്കറ്റ് നല്‍കുന്നത്.
ബി എസ്-6 സ്വകാര്യ വാഹനങ്ങള്‍
എത്ര പഴക്കമുണ്ടെങ്കിലും എല്ലാ ബിഎസ്-6 വാഹനങ്ങള്‍ക്കും മുൻപ് ഒരു വർഷമായിരുന്നു പുകപരിശോധ സർട്ടിഫിക്കറ്റ് കാലാവധി.
പുതിയ തീരുമാനപ്രകാരം മൂന്ന് മാറ്റങ്ങളാണ് വരിക.ആറ് വർഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് വാഹനപുക പരിശോധനാ സർട്ടിഫിക്കറ്റിന് മൂന്ന് വർഷം കാലാവധി.
ആറ് മുതല്‍ പത്ത് വർഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ക്ക്: ഇനിമുതല്‍ 12 മാസമായിരിക്കും പുകപരിശോധന സർട്ടിഫിക്കറ്റ് കാലാവധി.
10 വർഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക്: മുൻപ് 12 മാസമായിരുന്നത് ഇപ്പോള്‍ ആറ് മാസമായി കാലാവധി ചുരുക്കി.
ബി എസ്-VI കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍
മുൻപ് എല്ലാ കൊമേഴ്‌സ്യല്‍ ബിഎസ്-6 വാഹനങ്ങള്‍ക്കും ഒരുവർഷമായിരുന്നു പുകപരിശോധ കാലയളവ്. എന്നാല്‍ ഇനിമുതല്‍
ആറ് വർഷം വരെയുള്ള വാഹനങ്ങള്‍ക്ക്: 12 മാസം എന്നത് മാറ്റി രണ്ട് വർഷമാക്കി.
ആറ് വർഷം മുതല്‍ 10 വർഷം വരെയുള്ള വാഹനങ്ങള്‍ക്ക്: മുൻപെന്ന പോലെ ഇനിയും ഒരുവർഷം തന്നെയാകും കാലാവധി.
10 വർഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക്: ഒരു വർഷം എന്നത് ഇനിമുതല്‍ ആറ് മാസമാകും കാലാവധി.
ബി എസ്-I,II,III വാഹനങ്ങള്‍ക്ക്
ഇത്തരം വാഹനങ്ങള്‍ക്ക് ഇനിമുതല്‍ മൂന്ന് മാസത്തിലൊരിക്കല്‍ പുക പരിശോധനാ നടത്തണം.
ബി എസ്-IV വാഹനങ്ങള്‍ക്ക്
ബിഎസ്-4 വാഹനങ്ങളുടെ കാലാവധി ഇനിമുതല്‍ ആറ് മാസമാകും. അതിനിടെ പരിശോധന നടത്തണം. മുൻപ് ഇത് ഒരുവർഷം ആയിരുന്നു.
പുതിയ ചട്ടം നിലവില്‍ വരുന്നതിന് മുൻപുള്ള പുക പരിശോധനാ സർട്ടിഫിക്കറ്റ് ആണ് കൈയിലുള്ളതെങ്കില്‍ ചട്ടം പ്രാബല്യത്തില്‍ വന്ന് ആദ്യ പുതുക്കലിന് ശേഷമാകും മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ നിലവില്‍ വരിക.
നിലവിലെ സർട്ടിഫിക്കറ്റിന്റ െകാലാവധി കഴിയുന്നതിന് 10 ദിവസം മുൻപുള്ള കാലയളവിലാണ് പുതുക്കുന്നതെങ്കില്‍ പഴയ കാലാവധി തീരുന്ന ദിവസം മുതലാകും പുതിയത് പ്രാബല്യത്തില്‍ വരിക. കാലാവധി കഴിഞ്ഞാണ് ചെയ്യുന്നതെങ്കില്‍ എന്നാണോ പുതുക്കുന്നത് അന്നുമുതലാകും പുതിയത് പ്രാബല്യത്തിലുണ്ടാകുക.
SUMMARY: Centre introduces changes to the validity period of vehicle emission test certificates















