പാരിസ്: ഫ്രാൻസിൽ പാരിസിന് സമീപമുള്ള ഫോണ്ടനെ-സൂ-ബ്വായിൽ (Fontenay-sous-Bois) 18 നിലകളുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും 15 അഗ്നിരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മരിച്ചത് അമ്പതുവയസ്സിനടുത്ത് പ്രായമുള്ള സ്ത്രീയാണെന്നാണ് റിപ്പോർട്ട്.
കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് ഫ്ലാറ്റുകളിലേക്ക് പടർന്ന തീ പിന്നീട് മുകളിലത്തെ നിലയിലേക്കും വ്യാപിച്ചു. പതിനൊന്നാം നിലയിലെ രണ്ട് ഫ്ലാറ്റുകൾ പൂർണമായും കത്തിനശിച്ചു.
130-ലധികം അഗ്നിരക്ഷാസേനാംഗങ്ങളും 32 എമർജൻസി വാഹനങ്ങളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. താഴത്തെ 10 നിലകളിലുള്ളവരെ ഒഴിപ്പിക്കുകയും മുകളിലത്തെ നിലകളിലുള്ളവരോട് സുരക്ഷിതമായി അകത്തുതന്നെ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. വീട് നഷ്ടപ്പെട്ട താമസക്കാർക്കായി അടുത്തുള്ള സ്കൂളിൽ താൽക്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്
രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മൂന്ന് അഗ്നിരക്ഷാസേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. നിരവധി പേർക്ക് പുക ശ്വസിച്ചതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായി.
തീ നിയന്ത്രണവിധേയമായതായും വാതകച്ചോർച്ചയുമായി ബന്ധപ്പെട്ട അപകടസാധ്യത ഒഴിവാക്കിയതായും നഗരസഭ അറിയിച്ചു. ഫ്ലാറ്റുകളിലൊന്നിൽ ഫർണിച്ചറുകളും മറ്റ് സാധനങ്ങളും കൂട്ടിയിട്ടിരുന്നത് തീ വേഗത്തിൽ പടരാൻ കാരണമായതായി അഗ്നിരക്ഷാസേന അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.
SUMMARY: Fire breaks out in 18-story building in France; One dead, 30 injured
















