ബെംഗളൂരു: ബെംഗളൂരുവിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചതിന് 2026ലെ ആദ്യ പത്ത് മാസത്തിനിടെ 42.90 ലക്ഷം ചെല്ലാനുകൾ ചുമത്തി. 2025ലെ മുഴുവൻ വർഷവും രേഖപ്പെടുത്തിയ 20.22 ലക്ഷം കേസുകളെക്കാൾ ഇരട്ടിയിലധികമാണിത്.
2025നെ അപേക്ഷിച്ച് ഹെൽമറ്റ് ലംഘനക്കേസുകളിൽ 112.47 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നവർ ഹെൽമറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ട കേസുകളും വർധിച്ചു. 2026ലെ ആദ്യ പത്ത് മാസങ്ങളിൽ ഇത്തരം 26.22 ലക്ഷം ചെല്ലാനുകളാണ് ചുമത്തിയത്. 2025ലെ മുഴുവൻ വർഷം ഇത് 11.27 ലക്ഷമായിരുന്നു.
കഴിഞ്ഞ അഞ്ച് മാസമായി ഹെൽമറ്റ് നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ചതാണ് കേസുകളുടെ എണ്ണം ഉയരാൻ പ്രധാന കാരണമെന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡുകളിലെ നിരീക്ഷണ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച് നേരിട്ട് വാഹനം തടയാതെ ചെല്ലാൻ നൽകുന്ന കോൺടാക്ട്‌ലെസ് സംവിധാനമാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
2026ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഹെൽമറ്റ് ലംഘനങ്ങൾക്ക് നൽകിയ ചെല്ലാനുകളിൽ 84 ശതമാനമായിരുന്നു കോൺടാക്ട്‌ലെസ് നടപടി. തുടർന്നുള്ള മാസങ്ങളിൽ ഇത് 90 ശതമാനമായി ഉയർന്നു. ഒക്ടോബറോടെ 92 ശതമാനത്തിലധികം ചെല്ലാനുകളും ക്യാമറാ നിരീക്ഷണത്തിലൂടെയാണ് നൽകിയത്.
ഹെൽമറ്റ് ധരിക്കാത്തവർക്കുള്ള പിഴ വർധിപ്പിക്കേണ്ടതുണ്ടെന്ന അഭിപ്രായവും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന 50 ശതമാനം പിഴയിളവുകൾ നിയമലംഘനങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങളെ ബാധിക്കുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
SUMMARY: In Bengaluru, cases of riding vehicles without a helmet have more than doubled compared to last year; fines were imposed on 4.29 million (42.90 lakh) people over the past 10 months.
















