ബെംഗളൂരു : ബെംഗളൂരുവിലെ ചിക്ക്പേട്ട മേഖലയിലുള്ള അക്കിപേട്ടെ മാർക്കറ്റിൽ ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾക്കും കെട്ടിടത്തിന്റെ ഭാഗങ്ങൾക്കും നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാപാരികളും ഉപഭോക്താക്കളും സുരക്ഷിതമായി പുറത്തേക്ക് മാറിയതോടെ വലിയ ദുരന്തം ഒഴിവായി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അഗ്നിരക്ഷാസേനയ്ക്ക് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. രണ്ട് ഫയർ ടാങ്കറുകളും രണ്ട് വാട്ടർ ബൗസറുകളും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും ഇടയിൽ താൽക്കാലിക ഷെഡുകളുമുള്ള മാർക്കറ്റ് കെട്ടിടത്തിൽ തീ വേഗത്തിൽ പടർന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാൻ അഗ്നിരക്ഷാസേന നടത്തിയ ശ്രമങ്ങൾക്കൊടുവിൽ വൈകിട്ട് മൂന്നുമണിയോടെ തീ നിയന്ത്രണവിധേയമാക്കി.
പഴയ വൈദ്യുത വയറിങ്ങിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സാങ്കേതിക വിദഗ്ധരുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷമേ യഥാർഥ കാരണം സ്ഥിരീകരിക്കാനാകൂവെന്ന് ഗാന്ധിനഗർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലക്ഷ്മി ഗണേഷ് കെ. അറിയിച്ചു. ചിക്ക്പേട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീപിടിത്തത്തിൽ കെട്ടിടത്തിനും കടകൾക്കും സംഭവിച്ച നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. 40-ലധികം കടകൾ കത്തിനശിച്ചിട്ടുണ്ട്.
പഴക്കമുള്ള കെട്ടിടങ്ങളും ഇടുങ്ങിയ വഴികളും നിറഞ്ഞതാണ് ചിക്ക്പേട്ടയിലെ വ്യാപാര സമുച്ചയങ്ങൾ.
SUMMARY: Fire breaks out at Akkipete Market in Chickpet; no casualties, but shops suffer damage.















