ബെംഗളൂരു : പ്രതിമാസം 15,000 രൂപ സ്ഥിരം ഓണറേറിയം അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കർണാടകയിലെ ആശാ പ്രവർത്തകർ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം ആറാം ദിവസത്തിലേക്ക് കടന്നു. നവംബർ 17ന് ആരംഭിച്ച സമരത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുക്കുന്നത്. സർക്കാർ ഉറപ്പുകൾ നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.
#WATCH | Bengaluru, Karnataka: ASHA workers’ protest at Freedom Park in Bengaluru continued today, entering its sixth day. ASHA workers are protesting with demands, including a salary hike. https://t.co/DiePD8OqQC
— ANI (@ANI) November 22, 2026
നിലവിൽ സംസ്ഥാന സർക്കാരിൽനിന്ന് ലഭിക്കുന്ന പ്രതിമാസ ഓണറേറിയം 5,000 രൂപയാണെന്നും ഇത് 15,000 രൂപയായി ഉയർത്തണമെന്നുമാണ് പ്രധാന ആവശ്യം. 2025 ജനുവരി 10ന് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ ചർച്ചയ്ക്കുശേഷം ഓണറേറിയം 10,000 രൂപയായി ഉയർത്തുമെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ അത് നടപ്പായില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു. ഈ ഉറപ്പ് നടപ്പാക്കണമെന്ന് ഒന്നര വർഷമായി ആവശ്യപ്പെട്ടുവരികയാണെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെതിരെയും പ്രവർത്തകർ രംഗത്തെത്തി. സർക്കാർ തീരുമാനമെടുക്കാൻ മതിയായ സമയം നൽകിയെന്നും ഇനി വാക്കാലുള്ള ഉറപ്പുകൾ മതിയാകില്ലെന്നുമാണ് അവരുടെ നിലപാട്. നവംബർ രണ്ടിന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് എന്നിവയ്ക്ക് സമരനോട്ടീസ് നൽകിയിരുന്നുവെന്നും സംഘടന അറിയിച്ചു.
പ്രതിമാസ ഓണറേറിയം വർധനയ്ക്കു പുറമെ നിർബന്ധിത മൊബൈൽ ആപ്പ് അധിഷ്ഠിത ജോലികൾ ഒഴിവാക്കുക അല്ലെങ്കിൽ ആവശ്യമായ ഫോണും റീചാർജ് അലവൻസും നൽകുക, കുടിശ്ശികയായ ഇൻസെന്റീവുകൾ വിതരണം ചെയ്യുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക, പിരിച്ചുവിട്ട ആശാ ഫെസിലിറ്റേറ്റർമാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു. ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്ന കാലയളവിൽ മൂന്നു മാസത്തെ ഓണറേറിയവും ഇൻസെന്റീവും അനുവദിക്കണമെന്നും വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപയുടെ ആനുകൂല്യം നൽകണമെന്നും ആവശ്യപ്പെടുന്നു.
ആരോഗ്യമന്ത്രി യു.ടി. ഖാദറുമായി നടത്തിയ ചർച്ചയിലും ആവശ്യങ്ങളിൽ ധാരണയിലെത്താനായില്ല. മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്കുശേഷവും സമരം പിൻവലിക്കാൻ പ്രവർത്തകർ തയ്യാറായിട്ടില്ല. എല്ലാ 31 ജില്ലകളിൽനിന്നുമുള്ള പ്രതിനിധികൾ ഏകകണ്ഠമായി തീരുമാനിച്ച സമരമാണിതെന്നും രാഷ്ട്രീയ സംഘടനകളുടെ സമ്മർദത്തെത്തുടർന്നല്ല പ്രക്ഷോഭമെന്നും ആശാ പ്രവർത്തക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് രമ ടി.സി. വ്യക്തമാക്കി.
SUMMARY: Demand for a monthly honorarium of ₹15,000; ASHA workers’ protest in Bengaluru enters its sixth day.















