ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ ‘ഹൂഗള ഹബ്ബ 2026’ന് ഇന്ന് തുടക്കമാകും. കർണാടക ഹോർട്ടികൾച്ചർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവത്തിന്റെയും ശിശുദിനാഘോഷത്തിന്റെയും ഭാഗമായാണ് ഈ ബൃഹത്തായ പുഷ്പോത്സവം സംഘടിപ്പിക്കുന്നത്. 155 വർഷത്തെ പാരമ്പര്യമുള്ള കബ്ബൺ പാർക്കിന്റെ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് ഇത്തരമൊരു പുഷ്പോത്സവത്തിന് വേദിയാകുന്നത്. 13 ദിവസം നീണ്ടുനിൽക്കുന്ന മേള ഡിസംബർ 7-ന് സമാപിക്കും.
ഫൗണ്ടൻ സർക്കിൾ (KSLTA) മുതൽ ബാൻഡ്‌സ്റ്റാൻഡ് വഴി ബാലഭവൻ വരെയുള്ള പാതയോരങ്ങളിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. 15 ലക്ഷത്തിലധികം കട്ട് ഫ്ളവറുകളും 1.25 ലക്ഷത്തോളം പൂച്ചെടികളും മേളയ്ക്ക് മിഴിവേകും. കർണാടകത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഭുവനേശ്വരി ദേവിയുടെ രൂപം, കർണാടക ഭൂപടം, ഹൊയ്സാല വാസ്തുവിദ്യ, ഗണ്ഡഭേരുണ്ഡ, ഡൽഹിയിലെ ഇന്ത്യ ഗേറ്റ് എന്നിവ പൂക്കളാൽ തീർത്തിട്ടുണ്ട്. ഇതിനുപുറമെ പൂക്കളാൽ അലങ്കരിച്ച ‘നമ്മ മെട്രോ’ ട്രെയിൻ മാതൃകയും, കർണാടകത്തിന്റെ വീരവനിതകളെ ആദരിച്ചുകൊണ്ടുള്ള വെർട്ടിക്കൽ ഗാർഡനും സന്ദർശകർക്ക് വേറിട്ട അനുഭവമാകും.
കുട്ടികളെ ആകർഷിക്കാനായി കാർട്ടൂൺ കഥാപാത്രങ്ങൾ, നൃത്തം ചെയ്യുന്ന മയിലുകൾ, പാണ്ട, നക്ഷത്രമത്സ്യം, പച്ചക്കറികളിലും പൂക്കളിലും തീർത്ത ആന, ചിത്രശലഭം എന്നിവയും മേളയിലുണ്ടാകും. പെറ്റൂണിയ, ജമന്തി, സൂര്യകാന്തി, ഓർക്കിഡ് തുടങ്ങിയവയ്ക്ക് പുറമെ വൃക്ഷ ഫൗണ്ടേഷന്റെ ബോൺസായ് പ്രദർശനവും, ഇൻഡോ-അമേരിക്കൻ ഹൈബ്രിഡ്‌സിന്റെ കള്ളിച്ചെടി (Cacti), ആന്തൂറിയം പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
കന്നഡ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ബാൻഡ്‌സ്റ്റാൻഡിൽ ദിവസവും സംഗീത-നൃത്ത പരിപാടികളും കർണാടക സ്റ്റേറ്റ് റിസർവ് പോലീസിന്റെ (KSRP) ബാൻഡ് വാദനവും നടക്കും. ഇകെബാന, പച്ചക്കറി-പഴം കൊത്തുപണികൾ, രംഗോലി, ചിത്രരചന, കുട്ടികൾക്കായുള്ള ഫാൻസി ഡ്രസ് മത്സരങ്ങൾ എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
നവംബർ 25 മുതൽ ഡിസംബർ 7 വരെ രാവിലെ 6:00 മുതൽ വൈകുന്നേരം 7:00 വരെയാണ് പ്രദർശന സമയം. 12 വയസ്സിന് മുകളിലുള്ളവർക്ക് സാധാരണ ദിവസങ്ങളിൽ 50 രൂപയും ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ 80 രൂപയുമാണ് പ്രവേശന നിരക്ക്. 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് എല്ലാ ദിവസവും 20 രൂപ നൽകിയാൽ മതിയാകും.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ‘നമ്മ മെട്രോ’ ഉപയോഗിക്കുന്നതാണ് ഉചിതം. പർപ്പിൾ ലൈനിലെ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ തൊട്ടടുത്താണ്. വിധാൻ സൗധ, എം.ജി റോഡ് സ്റ്റേഷനുകളിൽ ഇറങ്ങിയും നടന്നെത്താം. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്കായി എൻ.ജി.ഒ ഹാൾ സർക്കിൾ, ക്വീൻസ് പാർക്ക്, ഹൈക്കോടതി പരിസരം, ശ്രീ കണ്ഠീരവ സ്റ്റേഡിയം, സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ ‘പേ ആൻഡ് പാർക്ക്’ സൗകര്യം ലഭ്യമാണ്.
SUMMARY: ‘Hoogala Habba 2026’ flower show begins today at Cubbon Park















