ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തന സുരേഷ് (26) , മട്ടന്നൂർ സ്വദേശിയായ മറ്റൊരാൾ എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ച രണ്ടാമത്തെയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു.
മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ മൃതദേഹമാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാര്‍ (31) ആണ് മരിച്ച മറ്റൊരു ഇന്ത്യക്കാരന്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. അതിനിടെ, അപകടത്തിൽ പരുക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു.
ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയിലെ അൽ വതൻ റോഡിലാണ് അപകടമുണ്ടായത്. ഒമാനില്‍ വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെ ബസാണ് ഇതെന്നാണ് വിവരം. തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നു.
അപകടത്തിൽപ്പെട്ട ഇന്ത്യക്കാരുടെയും മരിച്ചവരുടെയും വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800 46342 എന്ന നമ്പറിൽ ബന്ധപ്പെടാം.
SUMMARY: Ras Al Khaimah vehicle accident















