ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് സംഭവങ്ങളിലായി വിദേശത്തുനിന്ന് കടത്തിയ 3.77 കോടി രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 4 കാസറഗോഡ് സ്വദേശികൾ അടക്കം അഞ്ചുപേർ പിടിയിലായി. രണ്ടുപേർ വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരാണ്.
ദുബൈ, കാസറഗോഡ് എന്നിവിടങ്ങളിൽ നിന്നുള്ള കള്ളക്കടത്തുകാരുമായി സഹകരിച്ച് രണ്ട് ഔട്ട്സോഴ്സ് എയർപോർട്ട് ജീവനക്കാർ സ്വർണ്ണക്കടത്തിന് സൗകര്യമൊരുക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എം.ആർ.യു ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായത്.
തിങ്കളാഴ്ച നടന്ന പരിശോധനയിൽ 2 കോടി രൂപ വില വരുന്ന 1.66 കിലോഗ്രാം സ്വർണവുമായി മൂന്ന് പേരെ പിടികൂടിയിരുന്നു. വിമാനത്തിലെ യാത്രക്കാരൻ ഇമിഗ്രേഷൻ കൗണ്ടറിന്റെ സമീപമുള്ള ടോയ്ലറ്റിൽ ഒളിപ്പിച്ച സ്വര്‍ണം താൽക്കാലിക ജീവനക്കാരനായ മംഗളൂരു സ്വദേശി അത് എടുക്കാൻ എത്തിയപ്പോഴാണ് അധികൃതർ പിടികൂടിയത്. ചോദ്യം ചെയ്തതോടെ കാസറഗോഡ് സ്വദേശിയായ ജീവനക്കാരനും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ കാത്തു നിൽക്കുന്ന ഒരാൾക്ക് സ്വര്‍ണം എത്തിച്ചു കൊടുക്കാനായിരുന്നു പദ്ധതി. പിന്നീട് രണ്ടു പേരെയും അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിന് പുറത്തുവച്ച് നടന്ന പരിശോധനയിൽ കാസർകോട് സ്വദേശിയുടെ പക്കൽ നിന്ന് 73 ലക്ഷം രൂപ പിടിച്ചെടുത്തു. 3 പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം പ്രതികളുടെ പേര് വിവരം വെളിപ്പെടുത്തിയിട്ടില്ല.
ഈ മാസം 14ന് രണ്ട് കാസറഗോഡ് സ്വദേശികളിൽ നിന്ന് 1.77 കോടി രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. സ്വര്‍ണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അന്വേഷണം തുടരുന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
SUMMARY: Major gold seizure at Mangaluru Airport; five people, including Keralites, taken into custody.















