കർണാടകയിൽ ഡെങ്കിപ്പനി കേസുകളിൽ വർധന

0
179

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ്. ഈ വർഷം ജൂലൈ 15 വരെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 10,000 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 487 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി മുതൽ ഇതുവരെ 10,449 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇവയിൽ 358 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഡെങ്കിപ്പനി മൂലമുള്ള സംസ്ഥാനത്തെ മൊത്തം മരണ സഖ്യ എട്ട് ആണ്. ബിബിഎംപി പരിധിയിൽ 3,770 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ചിക്കമഗളൂരു (621), മൈസൂരു (562) എന്നിവിടങ്ങളിലും കേസുകളിൽ വർധന രേഖപ്പെടുത്തുന്നുണ്ട്.

ഡെങ്കിപ്പനി വ്യാപനം തടയാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും മഴക്കാലം അവസാനിക്കുന്നത് വരെ അടുത്ത രണ്ട് മാസത്തേക്കെങ്കിലും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു നിർദേശിച്ചു.

TAGS: KARNATAKA | DENGUE FEVER
SUMMARY: Dengue cases in Karnataka cross 10,000 mark

LEAVE A REPLY

Please enter your comment!
Please enter your name here